ദില്ലി: പുതിയ മേല്‍വിലാസത്തിനൊരുങ്ങി രാഹുല്‍ . പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പുതിയ ബംഗ്ലാവ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുലിന് തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്നിരുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവായതോടെയാണ് അദ്ദേഹത്തിന് പുതിയ ബംഗ്ലാവ് ലഭിക്കുന്നത്. 2014ന് ശേഷം ഇതാദ്യമായാണ് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകുന്നത്. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവ് ഹൗസ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് വാഗ്ദാനം ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് നല്‍കുന്ന ടൈപ്പ് 8 ബംഗ്ലാവിന് രാഹുലിന് അര്‍ഹതയുണ്ട്. പ്രിയങ്ക ഗാന്ധി സുനേരി ബാഗ് റോഡിലെ ബംഗ്ലാവ് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് വിവാദം ഉയര്‍ന്നത്. അതേസമയം, രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടില്ല. അമ്മ സോണിയാ ഗാന്ധിയുടെ ജന്‍പഥിലെ വസതിയിലാണ് രാഹുല്‍ താമസിക്കുന്നത്. 2004ല്‍ ആദ്യമായി എംപിയായ ഗാന്ധി, കഴിഞ്ഞ വര്‍ഷം അയോഗ്യനാക്കപ്പെടുന്നത് വരെ തുഗ്ലക്ക് ലെയ്നിലെ 12ാം നമ്പര്‍ ബംഗ്ലാവിലാണ് താമസിച്ചിരുന്നത്.