നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്: പന്ന്യൻ രവീന്ദ്രൻ

പൊതുവിഷയങ്ങളിൽ പാർട്ടി സെക്രട്ടറിയുടെ വാക്കിനപ്പുറത്തേക്കില്ലെന്നായിരുന്നു പന്ന്യന്റെ പ്രതികരണം

നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്: പന്ന്യൻ രവീന്ദ്രൻ
നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്: പന്ന്യൻ രവീന്ദ്രൻ

ആലപ്പുഴ: മുകേഷിന്റെ രാജി വിഷയത്തിൽ ബിനോയ് വിശ്വത്തിന് പിന്നാലെ ആനി രാജയെ തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പൊതുവിഷയങ്ങളിൽ പാർട്ടി സെക്രട്ടറിയുടെ വാക്കിനപ്പുറത്തേക്കില്ലെന്നായിരുന്നു പന്ന്യന്റെ പ്രതികരണം. നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്. എന്തെങ്കിലും തരത്തിൽ നിലപാട് പറഞ്ഞിട്ടില്ലെങ്കിൽ അത് പിന്നീട് പറയും. ആനി രാജ പറയുന്നത് പറഞ്ഞോട്ടെ, സിപിഐയിൽ നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണെന്നും പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു.

ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജി വെക്കണമോ എന്നതിൽ സിപിഐഎമ്മും സിപിഐയും രണ്ട് തട്ടിലല്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. എൽഡിഎഫിന് ഇക്കാര്യത്തിലെല്ലാം വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇടതുപക്ഷം എന്നാൽ വെറുംവാക്കല്ല. ഇടതുപക്ഷകാഴ്ച്ചപ്പാട് ഉയർത്തിപ്പിടിക്കാൻ സിപിഐഎമ്മും സിപിഐയും പ്രതിജ്ഞാബദ്ധരാണ്. സിപിഐ-സിപിഐഎം വഴക്ക് എന്ന വ്യാമോഹം ആർക്കും വേണ്ട എന്നും ബിനോയ് വിശ്വം ആലപ്പുഴയിൽ പറഞ്ഞിരുന്നു.

Also Read:ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെ: രമേശ് ചെന്നിത്തല

മുകേഷ് രാജിവെക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സിപിഐ നേതാവ് ആനി രാജയെ ബിനോയ് വിശ്വം തള്ളുകയും ചെയ്തു. ഇവിടുത്തെ കാര്യങ്ങൾ പറയാൻ സിപിഐക്ക് സംസ്ഥാന നേതൃത്വമുണ്ട്. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത്ത് സിപിഐ സംസ്ഥാനത്തെ സെക്രട്ടറിയാണ്. അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Also Read:ഇടതുപക്ഷം എന്നാൽ വെറുംവാക്കല്ല: ബിനോയ് വിശ്വം

ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയൻ എന്ന നിലയിൽ ഒരു നിമിഷം പോലും അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ലെന്നാണ് ആനിരാജ പറഞ്ഞത്. മുകേഷ് രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു. ആനി രാജയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രി ചിഞ്ചുറാണിയും രംഗത്തെത്തിയിരുന്നു.

Top