കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ പത്താം തിയ്യതി ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറിന് സമീപം ചാലിയാറിന് മധ്യത്തിലായി നങ്കൂരമിട്ട ‘അഹല്‍ ഫിഷറീസ് 2’ എന്ന ഫൈബര്‍ ബോട്ട് കത്തി ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍(27), മുഹമ്മദ് റഫീഖ്(37) എന്നിവർക്ക് പരുക്കേൽക്കുകയായിരുന്നു. ഇതില്‍ താജുല്‍ അക്ബറിനെയാണ് ഇന്നലെ പുലര്‍ച്ചെയോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് റഫീഖിന്റെ നില ഗുരുതരമായി തുടരുകയാണ്. ദേഹത്താകമാനം പൊള്ളലേറ്റ രണ്ട് പേരുടെയും ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ ചിലവായി. തുടര്‍ന്നുള്ള ചികിത്സ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഒരാളെ കോട്ടയത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.