CMDRF

ഹരിയാനയിൽ കോൺഗ്രസ്സ് ചോദിച്ച് വാങ്ങിയ തിരിച്ചടി, എ.എ.പിയെ കൂട്ടാതിരുന്നതും വിനയായി

ഹരിയാനയില്‍ പ്രചരണം നയിച്ച പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലും പകിട്ട് മങ്ങും

ഹരിയാനയിൽ കോൺഗ്രസ്സ് ചോദിച്ച് വാങ്ങിയ തിരിച്ചടി, എ.എ.പിയെ കൂട്ടാതിരുന്നതും വിനയായി
ഹരിയാനയിൽ കോൺഗ്രസ്സ് ചോദിച്ച് വാങ്ങിയ തിരിച്ചടി, എ.എ.പിയെ കൂട്ടാതിരുന്നതും വിനയായി

കോണ്‍ഗ്രസ്സ് നേതാക്കളുടെ അഹങ്കാരവും അധികാര മോഹവുമാണ് രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ആ പാര്‍ട്ടിയെ ഇന്ന് ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. ബി.ജെ.പിക്ക് രാജ്യത്ത് വളരാന്‍ അവസരം ഒരുക്കിയത് തന്നെ കോണ്‍ഗ്രസാണ്. ആ ചരിത്രം ഇപ്പോള്‍ ഹരിയാനയിലും ആവര്‍ത്തിച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് ഹരിയാന ഭരണം പിടിക്കാന്‍ ഇറങ്ങിയവര്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

ഗുസ്തി താരങ്ങളുടെ പ്രതിഷേധം, കര്‍ഷക പ്രക്ഷോഭം, അഗ്‌നിവീര്‍ പദ്ധതി എന്നിങ്ങനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഉണ്ടായ വികാരമൊന്നും തന്നെ വോട്ടായില്ല. വോട്ടാക്കാന്‍ പറ്റിയില്ല എന്ന് പറയുന്നതാകും ശരി.

ഹരിയാനയില്‍ ലീഡ് പിടിച്ചതിന് തൊട്ടുപിന്നാലെ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനുള്ള നടപടികളും ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്നാണ് സൂചന.

Nayab Singh Saini

2005 മുതല്‍ 2014 വരെ ഹരിയാന ഭരിച്ച ജാട്ട് വിഭാഗക്കാരനായ കോണ്‍ഗ്രസ്സ് നേതാവ് ഭൂപീന്ദര്‍ ഹൂഡയ്‌ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു നേതാവ് ഹരിയാന രാഷ്ട്രീയത്തില്‍ നിലവിലില്ല. ആ നേതാവ് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സിനെയാണ് ഹരിയാന ജനത തരിപ്പണമാക്കിയിരിക്കുന്നത്.

Also Read: നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഉടൻ, വിജയ പ്രതീക്ഷയിൽ മുന്നണികൾ, സർക്കാരിന് നിർണ്ണായകം

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ പോലും തയ്യാറാകാതെ മുന്നോട്ടുപോയ കോണ്‍ഗ്രസ്സ് നേതൃത്വം ചോദിച്ച് വാങ്ങിയ തിരിച്ചടിയാണിത്. കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി ഹരിയാന ഭരിച്ച ബി.ജെ.പിക്ക് എതിരായ ജനവികാരത്തെ പോലും ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ്സിന് ഇത്തവണയും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ക്ക് വിശ്വാസമില്ല എന്നതിന്റെ തെളിവ് കൂടിയാണിത്. മതനിരപേക്ഷ വോട്ടുകള്‍ ചിതറിപ്പോയത് ബി.ജെ.പിക്കാണ് ഹരിയാനയില്‍ നേട്ടമായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിന്റെ പ്രധാന നേതാക്കളെല്ലാം ഹരിയാനയില്‍ തമ്പടിച്ച് പ്രചരണം നടത്തിയപ്പോള്‍ കേവലം നാല് തിരഞ്ഞെടുപ്പ് റാലികളില്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നത്. എന്നിട്ടും അവിടെ ഭരണത്തുടര്‍ച്ച ബി.ജെ.പിക്ക് സാധ്യമായത് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

Priyanka Gandhi and Rahul Gandhi

വോട്ടെടുപ്പിന്റെ തുടക്കത്തില്‍ മുന്നേറിയ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച ട്വിസ്റ്റാണ് പിന്നീട് ഹരിയാനയില്‍ ഉണ്ടായിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് നിര്‍ത്തിവയ്ക്കുകയുണ്ടായി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 90 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.

ഹരിയാനയിലെ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിയ്ക്കും വന്‍ പ്രഹരമാണ്. ഈ രണ്ട് സഹോദരങ്ങളാണ് ഹരിയാനയില്‍ കോണ്‍ഗ്രസ്സിന്റെ പ്രചരണം നയിച്ചിരുന്നത്. കോണ്‍ഗ്രസ്സിന്റെ അതിരുകടന്ന ആത്മവിശ്വാസമാണ് അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകള്‍ക്കെതിരായ വിധിയെഴുത്ത് കൂടിയാണിത്.

Also Read: കർക്കശക്കാരൻ, ക്രിമിനലുകളുടെ പേടി സ്വപ്നം… മനോജ് എബ്രഹാമിൻ്റേത് സിനിമയെ വെല്ലുന്ന ജീവിതം

ഈ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ പ്രചരണം നയിച്ച പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലും പകിട്ട് മങ്ങും. രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ലഭിച്ചില്ലെങ്കില്‍ അത് ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് നാണക്കേട് ഉണ്ടാക്കും. വയനാട് ഉള്‍പ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകള്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കാനിരിക്കെ ഇനി എല്ലാ കണ്ണുകളും കേരളത്തിലേക്കായിരിക്കും.

കക്ഷിനില ( ലീഡ് നില)

BJP : 49

CON : 36

INLD: 02

JJP : 0

OTH: 03

Top