ഇടവേള ബാബു സ്ഥാനം ഒഴിയുമെന്ന് പറഞ്ഞത്, തെറിക്കുമെന്ന് ഉറപ്പായപ്പോൾ, ‘അമ്മ’യെ ക്ലബ് ആക്കിയതും തിരിച്ചടിയാകും

ഇടവേള ബാബു സ്ഥാനം ഒഴിയുമെന്ന് പറഞ്ഞത്, തെറിക്കുമെന്ന് ഉറപ്പായപ്പോൾ, ‘അമ്മ’യെ ക്ലബ് ആക്കിയതും തിരിച്ചടിയാകും

താര സംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തെറിക്കുമെന്ന് ഉറപ്പായതോടെയാണ് ഇനി ഭാരവാഹി ആകാനില്ലന്ന നിലപാട് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു സ്വീകരിച്ചതെന്ന സംശയം ബലപ്പെടുന്നു. കാൽനൂറ്റാണ്ടായി വിവിധ പദവികളിൽ സംഘടനയെ നയിച്ച ഇടവേള ബാബുവിന് ഇപ്പോൾ സംഘടനയിൽ പഴയ പിന്തുണയില്ലാത്ത അവസ്ഥയാണ് ഉള്ളത്. സൂപ്പർ താരങ്ങളുടെ ഗുഡ്ലിസ്റ്റിൽ ഇടംപിടിച്ചതാണ്, മുഖ്യധാര താരമല്ലാതിരുന്നിട്ടു കൂടി സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടവേളബാബു എത്താൻ കാരണമായിരുന്നത്. ഇതിൽ താരങ്ങൾക്കിടയിൽ തന്നെ കടുത്ത അതൃപ്തിയും നിലവിലുണ്ട്. ഈ അവസ്ഥയിൽ ജൂൺ 30 ന് ഗോകുലം കൺവൻഷൻ സെൻ്ററിൽ ചേരുന്ന തിരഞ്ഞെടുപ്പു പൊതുയോഗത്തിൽ ഇടവേള ബാബു വീണ്ടും മത്സരിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകാനാണ് സാധ്യത. ഇത് മുന്നിൽ കണ്ടാണ് താൻ ഇനി മത്സരിക്കാനില്ലന്ന നിലപാട് ഇടവേള ബാബു സ്വീകരിച്ചിരിക്കുന്നതത്രെ. അതേസമയം, മോഹൻലാലിൻ്റെയും മമ്മുട്ടിയുടെയും പിന്തുണയിൽ വീണ്ടും ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള തന്ത്രപരമായ നീക്കമായും ഈ നിലപാട് വിലയിരുത്തപ്പെടുന്നുണ്ട്.

1994–ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായിരുന്ന കമ്മറ്റിയിൽ ജോയിൻ്റ് സെക്രട്ടറി ആയിട്ടായിരുന്നു തുടക്കം. മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽസെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ ബാബു സെക്രട്ടറിയായി. 2018-ലാണ് ആദ്യമായി അദ്ദേഹം ജനറൽ സെക്രട്ടറിയായിരുന്നത്. അതുവരെ പ്രധാന താരങ്ങൾ ആയിരുന്നു ഈ പദവിയിൽ ഉണ്ടായിരുന്നത്.

2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായിരുന്നു. മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയമാണ് നേടിയിരുന്നത്. ഔദ്യോഗിക പക്ഷത്തെ നിവിൻപോളിയും ആശാ ശരത്തും ഹണി റോസുമാണ് അന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടിരുന്നത്. ഈ അനുഭവം മുന്നിൽ ഉള്ളത് കൊണ്ടാണ്, താൻ ഇനി മത്സരിക്കാനില്ലന്ന നിലപാട് ഇടവേള ബാബു സ്വീകരിച്ചതെന്നാണ് താരങ്ങളിൽ നല്ലൊരു വിഭാഗവും സംശയിക്കുന്നത്. സംഘടനയിൽ പറയേണ്ട നിലപാട് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം തുറന്ന് പറഞ്ഞത് ബോധപൂർവ്വമാണെന്ന വിലയിരുത്തലിലാണ് അവരുള്ളത്. മോഹൻലാലും താനും ഒഴിയുമ്പോൾ നടൻ പ്രിഥ്വിരാജും കുഞ്ചാക്കോ ബോബനും ആ സ്ഥാനങ്ങളിൽ വരണമെന്ന അഭിപ്രായമാണ് ഇടവേള ബാബു പ്രകടിപ്പിച്ചിരിക്കുന്നത്. അതായത് താനും മോഹൻലാലും ഒഴിയേണ്ട സാഹചര്യം ഉണ്ടായാൽ പകരം തങ്ങളുടെ ഇഷ്ടക്കാർ മാത്രം സംഘടനയുടെ തലപ്പത്ത് വരണമെന്ന താൽപ്പര്യത്തിൻ്റെ കൂടി ഭാഗമാണിത്. ഇത്തരമൊരു പക്ഷപാതപരമായ അഭിപ്രായ പ്രകടനം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുകൊണ്ട് ഇടവേള ബാബു നടത്തിയതിലും താരങ്ങൾക്കിടയിൽ കടുത്ത രോക്ഷമുണ്ട്.

ഇത്തവണത്തെ അമ്മ ജനറൽ ബോഡിയിൽ മന്ത്രി ഗണേഷ് കുമാറും എം.എൽ.എ ആയ മുകേഷും പങ്കെടുക്കുന്നുണ്ട്. എം.എൽ.എ ആയിരിക്കെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത കെ.ബി ഗണേഷ് കുമാർ മന്ത്രിയായ ശേഷം പങ്കെടുക്കുന്ന ജനറൽ ബോഡി യോഗമാണ് നടക്കുന്നത് എന്നതിനാൽ, അദ്ദേഹത്തിൻ്റെ നിലപാടുകൾക്കും ഏറെ പ്രസക്തിയുണ്ടാകും.

ബലാത്സംഗക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഗണേഷ് കുമാർ നടപടി ആവശ്യപ്പെട്ടത്, ഇടവേള ബാബുവും ഗണേഷ് കുമാറും തമ്മിലുള്ള ഉടക്കിലാണ് കലാശിച്ചിരുന്നത്. ‘അമ്മ’ ഒരു ക്ലബ് മാത്രമാണെന്ന നിലപാടാണ് ഇടവേള ബാബു സ്വീകരിച്ചിരുന്നത്. ഇതോടെ പ്രകോപിതനായ കെ.ബി ഗണേഷ് കുമാർ സംഘടന ഇടവേള ബാബുവിൻ്റെ സ്വകാര്യ സ്വത്തല്ലന്നും തുറന്നടിച്ചിരുന്നു. ജനറൽ സെക്രട്ടറിയുടെ ക്ലബ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് താരങ്ങൾക്കിടയിൽ നിന്നും ഉയർന്നിരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയിൽ പ്രതി ചേർക്കപ്പെട്ട ദിലീപിനെ പ്രിഥ്വിരാജ് ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദ ഫലമായി ‘അമ്മ’യിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയപ്പോൾ, ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെ അത്തരമൊരു കടുത്ത നടപടിക്ക് താര സംഘടന തയ്യാറായിരുന്നില്ല. ഇതാണ് താരങ്ങളെ ചൊടിപ്പിച്ചിരുന്നത്. രണ്ട് നീതി സംഘടനയിൽ വേണ്ടന്ന ഉറച്ച നിലപാടാണ് അംഗങ്ങൾക്കുള്ളത്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ മുൻ നിർത്തിയുള്ള ചർച്ചകൾ വാർഷിക ജനറൽ ബോഡിയിൽ ഉണ്ടായാൽ ഇടവേള ബാബു മാത്രമല്ല മോഹൻലാലും ശരിക്കും പ്രതിരോധത്തിലായി പോകും.

Top