തിരുവനന്തപുരം: ചൂടിന് നേരിയ ആശ്വാസമേകി സംസ്ഥാനത്ത് പരക്കെ മഴ. വരും ദിവസങ്ങളിലും വേനല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിഷു ആഘോഷത്തിനിടയില്‍ ആശ്വാസമായി മഴയെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. വെന്തുരുകിയ മീനച്ചൂടില്‍ നിന്നും മേടമാസത്തിലെ വിഷുപുലരിയില്‍ എത്തുമ്പോള്‍ ആശ്വാസമായി മഴ എത്തി. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം ഉള്‍പ്പടെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഒപ്പം 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒപ്പം വടക്കന്‍ കേരളത്തിലെ ചൂടിന് ചെറുതെങ്കിലും ആശ്വാസമായി ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത ഉണ്ട്. പാലക്കാടും തൃശ്ശൂരിലുമാണ് ചൂട് 39 ഡിഗ്രിയില്‍ തുടരുന്നത്. കണ്ണുരും, കോഴിക്കോടും, പത്തനംതിട്ടയിലും 37 ഡിഗ്രിക്ക് മുകളിലാണ് താപനില. എന്നാല്‍ രണ്ട് ദിവസത്തോടെ വേനല്‍ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.