തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതുകൊണ്ടാണ് മുന്നറിയിപ്പ്. നവംബർ 23 ഓടെ ചക്രവാതച്ചുഴി ന്യൂന മർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായും ശക്തി പ്രാപിച്ച് തമിഴ്നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് പ്രവചനം.
മഴ സജീവമാകാൻ സാധ്യതയുള്ളത്കൊണ്ട് തന്നെ കേരള – കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.