ഡല്‍ഹി: ഇറ്റലിയില്‍ അപുലിയയില്‍ വച്ച് നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി സെല്‍ഫി എടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മെലോനിയാണ് ചിത്രം ഫോണില്‍ പകര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും എടുത്ത സെല്‍ഫിയും വൈറലായിരുന്നു. ”COP28ലെ നല്ല സുഹൃത്തുക്കള്‍. മെലോഡി” എന്ന അടിക്കുറിപ്പോടെയാണ് മെലോനി അന്നു ചിത്രം പങ്കുവച്ചത്.
വെള്ളിയാഴ്ച, മോദിയും മെലോനിയും ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിയെ, മെലോനി അഭിനന്ദിച്ചതായി പിഎംഒ അറിയിച്ചു. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിനു മോദി, മെലോനിയെ നന്ദിയറിക്കുകയും ഉച്ചകോടിയുടെ വിജയം ആശംസിക്കുകയും ചെയ്തു. ജി7ല്‍ അംഗമല്ലാത്ത ഇന്ത്യയെ, ഉച്ചകോടിയിലേക്ക് പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. ഇറ്റലി, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍, യുഎസ് എന്നിവയാണ് ജി 7 രാജ്യങ്ങള്‍.
വിവിധ നേതാക്കളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. യുക്രെയ്ന്‍ യുദ്ധത്തിന് സമാധാനപരമായ പരിഹാരമുണ്ടക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യുമെന്നും ചര്‍ച്ചകളും നയതന്ത്രവും ഇതിനുള്ള ആയുധമാക്കുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സെമികണ്ടക്ടര്‍ സാങ്കേതികവിദ്യയിലും വ്യാപാരത്തിലും കൂടുതല്‍ സഹകരണം ഉറപ്പുനല്‍കി.
Good friends at COP28.#Melodi pic.twitter.com/g0W6R0RJJo
— Giorgia Meloni (@GiorgiaMeloni) December 1, 2023