CMDRF

സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ഇറ്റലിയുടെ “സ്നേഹത്തിൻ്റെ പാത”

സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ഇറ്റലിയുടെ “സ്നേഹത്തിൻ്റെ പാത”
സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ഇറ്റലിയുടെ “സ്നേഹത്തിൻ്റെ പാത”

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നടപ്പാതകളില്‍ ഒന്നായ ഇറ്റലിയുടെ ‘വയാ ഡെല്‍ അമോര്‍’ 24 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനും നീണ്ട കാലത്തെ നവീകരണത്തിനും ശേഷം ഇന്ന് വീണ്ടും തുറക്കുന്നു. 2,950 അടി ദൂരം കടലിനെ അഭിമുഘീകരിക്കുന്ന ഈ സ്‌നേഹ പാത , റിയോമാഗിയോര്‍, മനരോല മുനിസിപ്പാലിറ്റികള്‍ക്കിടയിലായാണ് സ്ഥിതി ചെയ്യുന്നത്. 1997-ല്‍ യുനെസ്‌കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച സിന്‍ക്യൂ ടെറെയുടെ ഹൃദയഭാഗത്തുള്ള ലിഗൂറിയയുടെ വടക്കന്‍ പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്.

നാല് ഓസ്ട്രേലിയന്‍ വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് 2012 സെപ്റ്റംബറില്‍ ഈ പാതയിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. പാറയുടെ ദുര്‍ബലമായ സ്ഥാനം കാരണം പാത വീണ്ടും തുറക്കുന്നതും വളരെ സങ്കീർണ്ണത നിറഞ്ഞതാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ 2022 ജനുവരി 14-ന് ആരംഭിച്ച് 2024 ജൂലൈ 19-ന് പൂര്‍ത്തിയായി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് മെറ്റീരിയലുകള്‍ കൊണ്ടുപോകുന്നതിനും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വലയും ആഴത്തിലുള്ള ബോള്‍ട്ടുകളും സ്ഥാപിക്കുന്നതിനും പ്രത്യേക കമ്പനികള്‍ സൈറ്റില്‍ പ്രവര്‍ത്തിച്ചു. മൊത്തത്തിലുള്ള നിക്ഷേപം ഏകദേശം 24 മില്യണ്‍ യൂറോ ഇറ്റലിയിലെ നിരവധി മന്ത്രാലയങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു.

റിയോമാഗിയോര്‍ മുനിസിപ്പാലിറ്റി ഒരു ഓപ്പണ്‍ എയര്‍ മ്യൂസിയമായി പാത നിയന്ത്രിക്കും. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 8 വരെ, സിന്‍ക്യു ടെറെയിലെ താമസക്കാര്‍ക്കും ലെവാന്റോ, ലാ സ്‌പെസിയ, റിയോമാജിയോര്‍ മുനിസിപ്പാലിറ്റിയിലെ പഴയ താമസക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമായി പാത തുറന്നുകൊടുക്കും. ഓഗസ്റ്റ് 9 മുതലാവും ഈ പാത വിനോദ സഞ്ചാരികള്‍ക്ക് ലഭ്യമാകുക. സന്ദര്‍ശകര്‍ വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. $11 ഫീസ് നല്‍കുകയും വേണം. സന്ദര്‍ശന വേളയില്‍ ഗൈഡുകള്‍ ഉണ്ടായിരിക്കും. മണിക്കൂറില്‍ പരമാവധി 400 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം, ഓരോ 15 മിനിറ്റിലും 100 പേരുടെ ഗ്രൂപ്പുകളായി വിഭജിക്കുമെന്ന് റിയോമാജിയോര്‍ മുനിസിപ്പാലിറ്റി വെള്ളിയാഴ്ച വെബ്സൈറ്റില്‍ അറിയിച്ചു. വിനോദസഞ്ചാരികള്‍ റിയോമാഗിയോറില്‍ നിന്ന് മനരോലയിലേക്ക് വണ്‍വേ റൂട്ടില്‍ പ്രവേശിക്കും. വെള്ളിയാഴ്ച വൈകുന്നേരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രാദേശിക അധികാരികളും ചേര്‍ന്ന് ‘സ്‌നേഹത്തിന്റെ പാത’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു.

Top