അഭിനയത്തിന്റെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് 12 വർഷം

തന്റേടവും നിലപാടും ആയിരുന്നു എന്നും തിലകൻറെ മുഖമുദ്ര

അഭിനയത്തിന്റെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് 12 വർഷം
അഭിനയത്തിന്റെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് 12 വർഷം

തിരുവനന്തപുരം: മലയാള സിനിമയുടെ അഭിനയത്തിലെ പെരുന്തച്ചൻ തിലകൻ വിടവാങ്ങിയിട്ട് 12 വർഷങ്ങൾ പിന്നിടുന്നു. തിലകൻ നടത്തിയ പോരാട്ടങ്ങൾക്കും വെട്ടിത്തുറന്ന് പറഞ്ഞ അഭിപ്രായങ്ങളും കാലം ശരിവയ്ക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഓർമ്മകൾ വീണ്ടും കടന്നുപോകുന്നത്.

തന്റേടവും നിലപാടും ആയിരുന്നു എന്നും തിലകൻറെ മുഖമുദ്ര. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത,പറയാൻ ഉള്ളത് പറഞ്ഞത് കൊണ്ടുള്ള നഷ്ടങ്ങളെ വകവയ്ക്കാത്ത സ്നേഹം നിറഞ്ഞ സിംഹം എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും സുരേന്ദ്ര നാഥ തിലകൻ എന്നും ഇത്തരത്തിൽ തന്നെ അവസാനം വരെ ജീവിച്ചു.

നാടക വേദി രൂപപ്പെടുത്തിയ നടനമാണ് തിലകനെ സിനിമയിൽ എത്തിക്കുന്നത്. പി.ജെ. ആന്റണി സംവിധാനം ചെയ്‌ത ‘പെരിയാർ’ എന്ന ചിത്രത്തിലൂടെയാണ് 1973ൽ സിനിമാ അരങ്ങേറ്റം.ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും തിലകൻ എന്നും പ്രേക്ഷകർക്ക് പുതുമ സമ്മാനിച്ചുകൊണ്ടെയിരുന്നു.

Also Read:പിറന്നാള്‍ ദിനത്തില്‍ നടന്‍ മധുവിന്റെ പേരില്‍ വെബ്സൈറ്റ്

പെരുന്തച്ചനും മൂന്നാം പക്കത്തിലെ മുത്തച്ഛനും സേതുമാധവൻറെ അച്ഛനും സ്ഫടികത്തിലെ ചാക്കോ മാഷും മലയാളിയുടെ ഉള്ളിലിരുന്ന് ഇന്നും വിങ്ങുന്നുണ്ട്. എന്നാൽ അതിനപ്പുറം വില്ലൻ വേഷത്തിലും മറ്റും തിളങ്ങിയിട്ടുണ്ട് തിലകൻ. നമുക്ക് പാർക്കൻ മുന്തിരിതോപ്പുകൾ പോലുള്ള ചിത്രങ്ങൾ തന്നെ ഉദാഹരണം. അവസാന കാലത്ത് അഭിനയിച്ച ഇന്ത്യൻ റൂപ്പി, ഉസ്താദ് ഹോട്ടൽ ചിത്രങ്ങളിലെ വേഷങ്ങളും ഒരിക്കലും വറ്റാത്ത തിലകൻ എന്ന പ്രതിഭയെ അടയാളപ്പെടുത്തി.

വരുന്ന കാലത്തിന്റെ ചൂണ്ടുപലക കൂടിയായിരുന്നു തിലകന്റെ ഓരോ വിരൽച്ചൂണ്ടലുമെന്ന് മലയാളി ഇന്ന് തിരിച്ചറിയുന്നു. മലയാള സിനിമ ലോകം ഇന്ന് ഏറെ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്, ഒരു കാലത്ത് പവർ ഗ്രൂപ്പ് അടക്കം പല വിവാദമായ കാര്യങ്ങളും തിലകൻ വർഷങ്ങൾക്ക് മുൻപ് തുറന്നു പറഞ്ഞ കാര്യങ്ങളായിരുന്നു. അപ്പോഴും തിലകന് മാത്രം അനശ്വരമാക്കാൻ കഴിയുന്ന വേഷങ്ങൾ ഇപ്പോഴും അതുപോലൊരു ഉടലില്ലാതെ ബാക്കിയാകുന്നു.

Top