ദുബൈ: ലക്ഷക്കണക്കിന് ആളുകൾ സന്ദർശകരായി ഒഴുകിയെത്തുന്ന ദുബൈ ഗ്ലോബൽ വില്ലേജ് ഇന്ന് തുറന്നുകൊടുക്കും. യു.എ.ഇയിലെ ഏറ്റവും ജനപ്രിയ വിനോദ കേന്ദ്രത്തിൽ ഇനി ആറുമാസക്കാലം നീളുന്ന ഉത്സവ രാവുകളാണ് സ്വദേശികളെയും വിദേശികളെയും ഒരുപോലെ കാത്തിരിക്കുന്നത്. 1997ൽ ചെറിയ രീതിയിൽ ആരംഭിച്ച ഗ്ലോബൽ വില്ലേജ് പിന്നീട് യു.എ.ഇയുടെ ഔട്ട്ഡോർ സീസണിലെ ഒഴിച്ചുകൂടാനാവാത്ത വിനോദ കേന്ദ്രമായി മാറുകയായിരുന്നു.
വിവിധയിനം ഗെയിമുകൾ, നിരവധി റൈഡുകൾ, എല്ലാ പ്രായക്കാരെയും ഒരുപോലെ ആകർഷിക്കുന്ന വിവിധ വിനോദോപാധികൾ എന്നിവയെല്ലാം ആഗോള ഗ്രാമത്തെ സമ്പന്നമാക്കും. നേരത്തെ തന്നെ 29ാം സീസണിലേക്കുള്ള ടിക്കറ്റ് വിൽപന ഓൺലൈനായി ആരംഭിച്ചിരുന്നു.
Also Read: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ച് മസ്കറ്റ്
ടിക്കറ്റ് മൊബൈൽ ആപ് വഴിയും ഉദ്ഘാടന ദിവസം കേന്ദ്രത്തിൽ വെച്ചും സ്വന്തമാക്കാം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒരു മണിവരെ സന്ദർശനം അനുവദിക്കും. ഉദ്ഘാടന ദിവസമായ ബുധനാഴ്ച വൈകീട്ട് ആറു മണിക്കായിരിക്കും സന്ദർശനം അനുവദിക്കുക. അതേസമയം ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ പുലർച്ചെ 12 വരെയായിരിക്കും സന്ദർശന സമയം.