ദില്ലി: ബിഹാര്‍, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ചുകൊണ്ട് ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള ഒരു എന്‍ സ്‌ക്വയര്‍ ബജറ്റാണിതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. നായിഡു, നിതീഷ് എന്നീ നേതാക്കളെ ആശ്രയിച്ചുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിനായുള്ളതാണി ബജറ്റ്. രാജ്യത്തെ പൊതു ബജറ്റിന്റെ ഘടനയ്ക്ക് വിരുദ്ധമായി ആന്ധ്രയ്ക്കും ബിഹാറിനും പ്രാതിനിത്യം നല്‍കി. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം പോലും ഇല്ലാതാക്കി. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിത്.
ബജറ്റിലെ ആനുകൂല്യത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ ഒന്നുമില്ലെന്ന് മനസിലാകും. കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് എംപിയെ കൊടുത്താല്‍ പരിഗണിക്കുമെന്നത് വെറുതെയായി. കേരളത്തെ ബജറ്റില്‍ പരാമര്‍ശിച്ചു പോലുമില്ല. സുരേഷ് ഗോപി വാഗ്ദാനം ചെയ്തപോലെ എയിംസിന്റെ വിഷയത്തില്‍ ഒരു പ്രതികരണവും ഉണ്ടായില്ല. ബിജെപി ഇതര സംസ്ഥാനങ്ങളോട് ബജറ്റില്‍ ചിറ്റമ്മ നയം സ്വീകരിച്ചു.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ഒന്നും ഉണ്ടായില്ല. നിലവിലുള്ള പദ്ധതികള്‍ മാത്രം വീണ്ടും പ്രഖ്യാപിച്ചു. നികുതിരംഗത്ത് ആശ്വാസകരമായ ചില നടപടികള്‍ സ്വീകരിച്ചു. അതിനെപ്പറ്റി കൂടുതല്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രളയ ദുരിതാശ്വാസ പാക്കേജ് ഏതെങ്കിലും സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല . കര്‍ണാടക, തമിഴ്‌നാട്, കേരളം മുതലായ സംസ്ഥാനങ്ങളുടെ പേര് പോലും പരാമര്‍ശിച്ചിട്ടില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.