CMDRF

ഇടതുപക്ഷം തിരിച്ചു വരും, ബി.ജെ.പി ലക്ഷ്യം ക്രൈസ്തവ വോട്ടുകൾ, തുറന്ന് പറഞ്ഞ് ജേക്കബ് ജോർജ്

2019-ല്‍ തിരിച്ചടി നേരിട്ടപ്പോള്‍ 2021-ല്‍ തിരിച്ചു വന്ന ചരിത്രം ഇടതുപക്ഷത്തിന് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ഇടതുപക്ഷം തിരിച്ചു വരും, ബി.ജെ.പി ലക്ഷ്യം ക്രൈസ്തവ വോട്ടുകൾ, തുറന്ന് പറഞ്ഞ് ജേക്കബ് ജോർജ്
ഇടതുപക്ഷം തിരിച്ചു വരും, ബി.ജെ.പി ലക്ഷ്യം ക്രൈസ്തവ വോട്ടുകൾ, തുറന്ന് പറഞ്ഞ് ജേക്കബ് ജോർജ്

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി കൊണ്ട് മാത്രം ഇടതുപക്ഷം തകര്‍ന്നു എന്ന് കരുതാനാവില്ലന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ജേക്കബ് ജോര്‍ജ് അഭിപ്രായപ്പെട്ടു. 2019-ല്‍ തിരിച്ചടി നേരിട്ടപ്പോള്‍ 2021-ല്‍ തിരിച്ചു വന്ന ചരിത്രം ഇടതുപക്ഷത്തിന് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി കേരളത്തില്‍ ലക്ഷ്യമിടുന്നത് യഥാര്‍ത്ഥത്തില്‍ ഹിന്ദു വോട്ടുകള്‍ അല്ലെന്നും ക്രൈസ്തവ വോട്ടുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗത്തില്‍ നിന്ന്….

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ സാഹചര്യത്തില്‍, ഇനി ഇടതുപക്ഷത്തിന്റെ ഭാവി എന്താണ് ?

ഇതേ തിരിച്ചടി കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഉണ്ടായതാണ്. തിരിച്ചടി തിരിച്ചടി തന്നെയാണ്. അതിനെ ഞാന്‍ കുറച്ചുകാട്ടുന്നില്ല. വലിയ തിരിച്ചടി തന്നെയാണ് നേരിട്ടത്. കാരണം സിപിഎമ്മിന് കേരളത്തില്‍ ശക്തമായ അടിത്തറയുണ്ട്. അടിത്തറയുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ്. 20 സീറ്റില്‍ 18 ഉം കോണ്‍ഗ്രസിന് പോയി. ഒരെണ്ണം ബിജെപിയും എടുത്തു. കോണ്‍ഗ്രസും സിപിഎമ്മും ഇരുവശത്ത് നിന്നും എതിര്‍ത്തിട്ടും തൃശൂരില്‍ ബിജെപി ജയിച്ചിരിക്കുന്നു. സ്വാഭാവികമായും അത് ഒരു കനത്ത തിരിച്ചടിയാണ്. പക്ഷേ, ഈ തിരിച്ചടി ആത്യന്തികമായിട്ടുള്ള തിരിച്ചടിയായി എനിക്ക് തോന്നുന്നില്ല. രാഷ്ട്രീയമാകുമ്പോള്‍ തോല്‍വിയും വിജയവുമൊക്കെ ഉണ്ടാകാം. അതുതന്നെയാണ് 2019 ലെ തിരഞ്ഞെടുപ്പിലും കണ്ടത്. അന്ന് 19 സീറ്റും യുഡിഎഫിന് കിട്ടി. ആലപ്പുഴ സീറ്റ് മാത്രമാണ് ഇടതുപക്ഷത്തിന് കിട്ടിയത്. അതും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിക്ക്. എന്നിട്ടും അതിനുമുമ്പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയാം. അതൊക്കെ സ്വാഭാവികമാണ്. കേരളത്തിലെ രാഷ്ട്രീയത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നത് നമുക്ക് കാത്തിരുന്ന് കാണാനേ കഴിയൂ.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തിരിച്ചടിക്ക് എന്താണ് പ്രധാന കാരണമെന്നാണ് തോന്നുന്നത് ?

ഒരു തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പല കാരണങ്ങളും പ്രശ്നങ്ങളും കാണും. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരായി ഒരു വികാരം ഉണ്ടായി എന്നാണ് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. ഒരുപരിധി വരെ അത് ശരിയാകും. ഭരണത്തിലിരിക്കുന്ന ഗവണ്‍മെന്റിനെതിരെ ആ ഗവണ്‍മെന്റിന്റെ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ നിഷേധഭാവം ഉണ്ടാകുക സ്വാഭാവികമാണ്. അത് ഇവിടെയും ഉണ്ടായിട്ടുണ്ട്.

അതിനപ്പുറത്തേക്ക് നോക്കിയാല്‍ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അന്ന് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നു. കോണ്‍ഗ്രസ് വിജയിക്കും എന്നൊരു ധാരണ ജനങ്ങളില്‍ വളര്‍ന്നു. ന്യൂനപക്ഷങ്ങള്‍, ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒന്നുപോലെ കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരന്നു. ഇതിനുപുറമെ ശബരിമല വിവാദവും ഉണ്ടായി. ഇങ്ങനെ പല ഘടകങ്ങളാണ് ഒരു തിരഞ്ഞെടുപ്പിന് പിന്നില്‍ നില്‍ക്കുന്നത്. ഓരോരുത്തരുടേയും വോട്ടിന് പിന്നില്‍ ഇത്തരം അനേകം ഘടകങ്ങളുണ്ട്. ഒന്നുകില്‍ അവന് ഗവണ്‍മെന്റില്‍ നിന്ന് സഹായം കിട്ടിക്കാണില്ല, അപേക്ഷവെച്ച കാര്യം നടന്നിട്ടുണ്ടാകില്ല, മകന് ജോലി കിട്ടിക്കാണില്ല. ഇങ്ങനെ വരുന്ന എല്ലാ കാരണങ്ങളുടെയും ആകെ തുകയാണ് ഒരു വോട്ട്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ വോട്ടുകള്‍ കൂടുമ്പോള്‍ ആണ് ഒരു തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകുന്നത്. സ്വാഭാവികമായിട്ടും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായിട്ട് ജനം വിധിയെഴുതി. അതുകൊണ്ടുതന്നെ അത് ഇടതുപക്ഷത്തിനെതിരെയുള്ള വിധിയായി മാറി.

ഇപി ജയരാജന്‍ – പ്രകാശ് ജാവ്ദേക്കര്‍ കൂടിക്കാഴ്ച വിവാദം തിരിച്ചടിയായി എന്ന് തോന്നുന്നുണ്ടോ ?

സിപിഎം പോലുള്ള ഒരു പാര്‍ട്ടിയില്‍ ഇപി ജയരാജനെ പോലുള്ള ഒരു മുതിര്‍ന്ന നേതാവിന് ഇതുപോലുള്ള ഒരു വീഴ്ച വരാന്‍ പാടില്ല. ഇതൊരു വീഴ്ച തന്നെയാണ്. അതില്‍ യാതൊരു സംശയവുമില്ല. പക്ഷേ ഇപി പറയുന്നതില്‍ ന്യായീകരണങ്ങള്‍ പലതും ഉണ്ടാകാമെങ്കിലും ശരിക്കും അത് സിപിഎമ്മിനകത്ത് ഒരു സംസാരവിഷയമായി മാറിയിട്ടുണ്ട്. സ്വാഭാവികമായും സിപിഎം അണികളിലേക്ക് അത് പടര്‍ന്നിട്ടുണ്ടാകും. പക്ഷേ അത് കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പിനെ മുഴുവനുമായി ബാധിക്കത്തക്കവണ്ണം അത്രകണ്ട് ശക്തമായ വികാരമായി മാറിയിരുന്നു എന്ന് തോന്നുന്നില്ല.

തൃശൂരിലെ ബി.ജെ.പി വിജയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത് ?

തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചു എന്നതൊരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും സിപിഎമ്മിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്റെ കാഴ്ചപ്പാടില്‍ കേരളത്തില്‍ രണ്ട് കൊടുമുടികള്‍ മാതിരി രണ്ട് മുന്നണികളും നിലനില്‍ക്കുന്നു. ഒരുവശത്ത് ഐക്യജനാധിപത്യ മുന്നണിയും മറുവശത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. ഇരുമുന്നണികളും കേരളരാഷ്ട്രീയത്തെ അടക്കിവാണ് പകുത്ത് എടുത്തിരിക്കുകയാണ്. ഇവിടെയൊരു ഇടമുണ്ടാക്കി കയറിപ്പറ്റുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഉദാഹരണത്തിന് കേരളരാഷ്ട്രീയത്തില്‍ കെ കരുണാകരനും എകെ ആന്റണിയും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം തന്നെ നോക്കാം. ഇരുഗ്രൂപ്പുകളും തമ്മില്‍ എന്നും മത്സരമാണ്. കോണ്‍ഗ്രസില്‍ കെ കരുണാകരന്റെ പ്രതിപക്ഷം സിപിഎം അല്ല, മറിച്ച് ആന്റണി പക്ഷമാണ്. ഒരുദിവസം പോലും കരുണാകരന് സ്വസ്ഥത കൊടുത്തിട്ടില്ല. എന്നിരുന്നാലും ഈ ഗ്രൂപ്പ് പോരാട്ടത്തിനകത്ത് ഒരു രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തനവുമുണ്ട്. ആത്യന്തികമായി ഇതൊരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. അത് കോണ്‍ഗ്രസ് എന്ന സംഘടനയെ പുഷ്ടിപ്പെടുത്തുകയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഇങ്ങനെ ശക്തമായി നില്‍ക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ രണ്ട് ചേരികള്‍ ഉണ്ട്. ഇടതുമുന്നണിയും കോണ്‍ഗ്രസും കാലങ്ങളായി ശക്തമായിത്തന്നെ പോരാടുകയാണ്. അതിനിടയില്‍ ബിജെപിക്ക് ഒരിടം കിട്ടുകയില്ല. അതാണ് ബിജെപിയുടെ ധര്‍മസങ്കടം. തൃശൂരിലെങ്കിലും ജയിക്കണമെന്നത് ബിജെപിയുടെ പ്രസ്റ്റീജിന്റെ പ്രശ്നമായിരുന്നു. അതിനായി അവിടെ സുരേഷ്ഗോപിയെ അഴിച്ചുവിട്ടു. കാണുന്ന അമ്പലങ്ങളിലും പള്ളികളിലുമൊക്കെ കയറിയിറങ്ങി. ഇതൊക്കെ കാണാന്‍ ആളുണ്ടായി. റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരും ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം മണ്ഡലത്തില്‍ മികച്ചരീതിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. അര്‍പ്പണബോധത്തോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കേണ്ട മണ്ഡലമാണ് രാഷ്ട്രീയമേഖല. പൊതുജനങ്ങള്‍ക്ക് അത് ബോധ്യപ്പെടുകയും വേണം. സുരേഷ് ഗോപിക്ക് അതിന് സാധിച്ചു. ഇതല്ലാതെ തന്നെ സുരേഷ് ഗോപി ഗ്ലാമര്‍ മുഖം ഉള്ള വ്യക്തി കൂടിയാണ്. ഇതെല്ലാം കൂടിചേര്‍ന്നപ്പോള്‍ സുരേഷ് ഗോപി വിജയിച്ചു. കോണ്‍ഗ്രസിനകത്ത് അപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ടിഎന്‍ പ്രതാപനെ മാറ്റി കെ മുരളീധരനെ പെട്ടെന്ന് അവിടെ കൊണ്ടുവരികയായിരുന്നു. അതുകൊണ്ടുതന്നെ കെ മുരളീധരന് അവിടെ ചുവടുറപ്പിക്കാനും കഴിഞ്ഞില്ല. പ്രതാപന്‍ പാരവെച്ചു എന്നുവരെ ആരോപണങ്ങള്‍ ഉയര്‍ന്നു. എന്തുതന്നെയായാലും കോണ്‍ഗ്രസ് വോട്ടുകളും കുറെ സിപിഎം വോട്ടുകളും സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ടാകും. ഇതിലും വലിയ മറ്റൊരു ഘടകമാണ് തൃശൂരിലെ ക്രിസ്ത്യന്‍ വോട്ടുകള്‍. അവ എങ്ങോട്ട് പോയി എന്നതും ചിന്തിക്കേണ്ടതാണ്.

ബി.ജെ.പി വോട്ട് ഷെയര്‍ 20 ശതമാനത്തോളം വര്‍ദ്ധിച്ചത് എന്തുകൊണ്ടാണെന്നാണ് കരുതുന്നത് ?

1985 ലെ ലോക്സഭ തിരഞ്ഞെടുപ്പ്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ്. അന്ന് തിരുവനന്തപുരത്ത് ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥി അവതരിച്ചു. ഹിന്ദു മുന്നണിക്ക് നേരത്തെ മത്സരത്തില്‍ നിന്ന് പരിചയം ഇല്ലായിരുന്നു. കുമ്മനം രാജശേഖരനായിരുന്നു അതിന്റെ നേതാവ്. പത്തനംതിട്ട ജില്ലയിലെ നിലയ്ക്കല്‍ പ്രക്ഷോഭത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഹിന്ദു വിഭാഗം ഒരു മുന്നേറ്റം നടത്തിയിരുന്നു. അന്ന് ആ പ്രക്ഷോഭത്തില്‍ ഹിന്ദു വര്‍ഗീയത ഇളക്കിവിട്ടതില്‍ പ്രധാനപങ്ക് വഹിച്ചത് കുമ്മനം രാജശേഖരനും കൂട്ടാളികളുമായിരുന്നു. കെ കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. അന്ന് പത്തനംതിട്ട ജില്ലയില്‍ ക്രിസ്ത്യന്‍-ഹിന്ദു വര്‍ഗീയ ലഹള മൂര്‍ധന്യത്തിലേക്ക് എത്തിച്ചത് നിലയ്ക്കല്‍ പള്ളി പ്രശ്നമായിരുന്നു. നിലയ്ക്കല്‍ സമരത്തിന്റെ നായകനായിരുന്ന കുമ്മനം രാജശേഖരന്‍, പാല രാജകുടുംബത്തിലെ കേരള വര്‍മ രാജയെ തിരുവനന്തപുരത്തെ ഹിന്ദു സ്ഥാനാര്‍ത്ഥിയാക്കി.

കെ കരുണാകരന്‍ അദ്ദേഹത്തിന്റെ നാടാര്‍ രാഷ്ട്രീയം കളിച്ചു. അങ്ങനെ എ ചാള്‍സിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമാക്കി. ഇടതുപക്ഷം എ നീലലോഹിത നാടാറിനെയും നിര്‍ത്തി. സ്വാഭാവികമായും കെ കരുണാകരന്റെ നാടാര്‍ രാഷ്ട്രീയം വിജയിച്ചു. എ ചാള്‍സ് വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. രണ്ടാം സ്ഥാനത്ത് നീലലോഹിത നാടാറും എത്തി. പക്ഷേ മൂന്നാമതെത്തിയ കേരള വര്‍മ രാജ 19 ശതമാനത്തിലധികം വോട്ടുകള്‍ നേടി. 1985 ല്‍ തിരുവനന്തപുരം ലോക്സഭയില്‍ 19 ശതമാനം വോട്ട് ഹിന്ദു മുന്നണി നേടി. തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ കേരള വര്‍മ രണ്ടാംസ്ഥാനത്തുമെത്തി. ഇതുകണ്ട് ഇഎംഎസ് ഏറെ വേദനിച്ചു. കേരള രാഷ്ട്രീയത്തെ കൈവെള്ളയില്‍ വച്ച് നടക്കുന്ന ആളായിരുന്നു ഇഎംഎസ്. കേരളത്തില്‍ ഹിന്ദു വര്‍ഗീയത വളര്‍ന്നു എന്നായിരുന്നു ഇഎംഎസ് അന്ന് പറഞ്ഞത്.

ന്യൂനപക്ഷങ്ങളുടെ വര്‍ഗീയതയാണ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വഴിയുണ്ടാക്കുന്നത്. അന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് (INL) ഇടതുപക്ഷത്തിനൊപ്പമായിരുന്നു. കൃത്യമായ ഇടതുപക്ഷ കക്ഷി ആയിരിക്കണമെന്ന ലക്ഷ്യത്താല്‍ പിന്നീട് ഇങ്ങോട്ട് ഇടതുപക്ഷം (INL) ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി. ഇതിന്റെ ഫലമായി 1987 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചു. ഇഎംഎസ് മനസ്സില്‍ കണ്ടതുപോലെ ശുദ്ധമായൊരു ഇടതുപക്ഷ മുന്നണിയായിരുന്നു 1987 ല്‍ കേരളത്തില്‍ അധികാരത്തിലേറിയ ഇടതുമുന്നണിയുടെ ഇകെ നായനാര്‍ ഗവണ്‍മെന്റ്. അന്ന് 19 ശതമാനത്തില്‍ നിന്ന ഹിന്ദു മുന്നണിയുടെ പിന്‍ഗാമിയായ ബിജെപിക്ക് ഇതുവരെ തിരുവനന്തപുരം ലോക്സഭ മണ്ഡലം കിട്ടിയിട്ടില്ല എന്നതും നാം ഓര്‍ക്കണം.

ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം, 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതും 9 നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാമതുമാണ് ബി.ജെ.പി. ഈ കണക്കുപ്രകാരം 20 നിയമസഭാ സീറ്റുകള്‍ ബി.ജെ.പി നേടുമോ ?

1980 ല്‍ 19 ശതമാനം വോട്ട് നേടിയ ഹിന്ദു മുന്നണി പിന്നെ എവിടെ പോയി കേരള രാഷ്ട്രീയത്തില്‍. ഒരു തവണ തിരുവനന്തപുരം നിയമസഭയില്‍ ഒ രാജഗോപല്‍ വിജയിച്ചു. പക്ഷേ, ആ ജയം ആവര്‍ത്തിക്കാനും കഴിഞ്ഞില്ല. കേരളരാഷ്ട്രീയം ശക്തമായൊരു പരീക്ഷണമാണ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ജയിക്കുക എന്നത് ബിജെപിക്ക് മുന്നിലെ വലിയ വെല്ലുവിളിയുമാണ്. നിയമസഭയില്‍ സീറ്റുകള്‍ നേടിയെടുക്കുക എന്നതും ബിജെപിക്ക് മുന്നിലെ വെല്ലുവിളി തന്നെയാണ്. ഇത് എത്രമാത്രം സാധ്യമാകുമെന്നത് കാത്തിരുന്നത് തന്നെ കാണേണ്ടതാണ്.

തൃശൂര്‍ ഉള്‍പ്പെടെ, ക്രൈസ്തവ വോട്ടുകളിലെ മാറ്റത്തെ എങ്ങനെയാണ് കാണുന്നത് ?

ക്രൈസ്തവ വോട്ടുകളില്‍ തൃശൂരില്‍ മാറ്റം ഉണ്ടായി. കേരളത്തില്‍ പലയിടത്തും ചില ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ച് സഭാധ്യക്ഷന്മാരുടെ കേന്ദ്രങ്ങളില്‍ ബിജെപി അനുകൂലമായ ചിന്ത ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു സംസാരവും വന്നിട്ടുണ്ട്. പക്ഷേ, ദേശീയതലത്തില്‍ നോക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ തികച്ചും ന്യൂനപക്ഷമായ മതവിഭാഗമാണ്. പലയിടത്തും അവര്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഉത്തരേന്ത്യയില്‍ ഹിന്ദു ബെല്‍റ്റില്‍ ഹിന്ദി ബെല്‍റ്റില്‍ ആക്രമിക്കപ്പെടുന്നുണ്ട്. അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും കന്യാസ്ത്രീ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്.

അതേസമയം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ക്രിസ്തുമസിനും മറ്റും ക്രിസ്ത്യാനികളുമായി ബന്ധമുണ്ടാക്കാന്‍ ശ്രമം നടത്തി. ഇത്തരം മാറ്റങ്ങള്‍ക്കൊക്കെ സാധ്യതയില്ലാതില്ല. എത്രകണ്ട് എപ്പോള്‍ എന്നത് വ്യക്തമായി നമുക്ക് പറയാന്‍ പറ്റില്ല. ഇപ്പോള്‍ കുറെ ബിഷപ്പുമാര്‍ അനുകൂലമായി പറഞ്ഞാലും കുഞ്ഞാടുകള്‍ കേള്‍ക്കണമെന്നില്ലല്ലോ. സ്വാഭാവികമായും ബിജെപി ഇതിനെ വലിയ സാധ്യതയായി കാണുന്നുണ്ട്. അതില്‍ സംശയമില്ല. ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള മുതലിങ്ങോട്ടുള്ള ബിജെപിയുടെ പല നേതാക്കന്മാരും ബിഷപ്പുമാരുമായും ക്രിസ്ത്യാനികളുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. ഇതേ ശ്രീധരന്‍ പിള്ള തന്നെയാണ് ശബരിമല വിഷയം വന്നപ്പോള്‍ ബിജെപിക്ക് വലിയ സാധ്യതയുണ്ടെന്ന് രഹസ്യമായി നടത്തിയ പ്രസംഗം കേരളത്തില്‍ പാട്ടായി. അതുപോലെതന്നെ ക്രിസ്ത്യാനികളുമായുള്ള ബന്ധത്തിലും അദ്ദേഹം വലിയ സാധ്യത കാണുന്നുണ്ട്.

ഹൈന്ദവ വിഭാഗത്തില്‍ സി.പി.എമ്മിന് സ്വാധീനം നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടാ ?

സിപിഎം ഒരു ഹൈന്ദവ പാര്‍ട്ടിയാണ്. എന്നാല്‍ കാലാകാലമായി ടിവി തോമസിനെ പോലുള്ള വലിയ വലിയ നേതാക്കന്മാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ട്. അവരൊക്കെയാണ് പാര്‍ട്ടിയെ നടത്തിയത്. എംഎന്‍ ഗോവിന്ദന്‍ നായര്‍, പികെ വാസുദേവന്‍ നായര്‍, സി അച്യുതമേനോന്‍ തുടങ്ങിയ നായര്‍ സമുദായത്തിലുള്ളവരും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കന്മാരായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നല്ലോ.

സ്വാഭാവികമായും ഈഴവ സമുദായം വളരെ ശക്തമായ പിന്തുണയാണ് സിപിഎമ്മിന് എക്കാലവും നല്‍കിവരുന്നത്. കൂടാതെ സാധാരണക്കാരായ തൊഴിലാളികള്‍, പാവപ്പെട്ടവര്‍ തുടങ്ങി നിരവധി പേര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി ഒരു ചേരിതിരിവ് തന്നെയുണ്ട്. ബിജെപി എപ്പോഴും പറയുന്നത് അവര്‍ ഹിന്ദുക്കളുടെ പാര്‍ട്ടിയാണെന്നാണ്. ഹിന്ദുക്കളെ എല്ലാവരും അവഗണിക്കുന്നു. ഞങ്ങള്‍ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി ഇറങ്ങുന്നവരാണ് എന്നൊക്കെ. അതിനകത്ത് ഒരു ന്യൂനപക്ഷ വിരോധം അന്തര്‍ലീനമായിട്ടുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷം ന്യൂനപക്ഷങ്ങളെ നേരിട്ട് പേര് പറഞ്ഞ് ആക്രമിക്കുന്ന സ്വഭാവമാണ് ബിജെപിക്കാര്‍ കേരളത്തിലും ദേശീയതലത്തിലും നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്‍ തോതിലാണ് മുസ്ലിം സമൂഹത്തെ ഒറ്റതിരിച്ച് നിര്‍ത്തി ആക്രമിച്ചത്. അങ്ങേയറ്റത്തെ വര്‍ഗീയമായ പ്രസംഗങ്ങളായിരുന്നു. വിഷം എന്നുതന്നെ നമുക്ക് വിശേഷിപ്പിക്കാനാകും. പക്ഷേ കേരളം അങ്ങനെയല്ല. തിരുവനന്തപുരത്ത് ചെറിയ ഒരു വര്‍ഗീയ ലഹള വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നിട്ടുണ്ടെങ്കിലും അത് അടിച്ചമര്‍ത്തി.

കേരളത്തില്‍ ഹിന്ദുക്കള്‍ ഏകദേശം 54 ശതമാനം വരും. എന്തുകൊണ്ട് ഹിന്ദു പാര്‍ട്ടിയായ ബിജെപിക്ക് ഇവിടെ അധികാരത്തില്‍ വരാന്‍ കഴിയുന്നില്ല. അതിന്റെ ഒന്നാമത്തെ കാരണം കേരളത്തില്‍ ബിജെപിയെ തോല്‍പിക്കുന്നത് ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ അല്ല ഹിന്ദുക്കളാണ്. ഇത് മനസ്സിലായതുകൊണ്ടാണ് ബിജെപി ക്രൈസ്തവ വോട്ടുകള്‍ പിടിക്കാന്‍ അരമനകള്‍ കയറി നടക്കുന്നത്. ഇതില്‍ ബിഷപ്പുമാരും ക്രിസ്ത്യന്‍ നേതൃത്വവും വീഴുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ജോര്‍ജ് കുര്യന്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയായെന്ന് കരുതി ക്രിസ്ത്യാനികളില്‍ നല്ലൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യുമോ എന്നതും കണ്ടറിയേണ്ടതാണ്.

2026-ലെ ബി.ജെ.പിയുടെ കേരളത്തിലെ സ്ട്രാറ്റര്‍ജി എന്തായിരിക്കും ?

ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ ഒക്കെ പിന്തുണയോടെ ബിഡിജെഎസിന് കുറെയധികം വോട്ടുകള്‍ കിട്ടി. പക്ഷേ ലോക്‌സഭ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയമല്ല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് വേറിട്ടൊരു രാഷ്ട്രീയം തന്നെയാണ്. അതില്‍ പാര്‍ട്ടി സംഘടനയുടെ കരുത്ത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇരുമുന്നണികളുടെയും സംഘടനാപരമായ കഴിവ്, ആരാണ് നേതാവ് ഈ രണ്ട് കാര്യങ്ങളും പ്രധാനപ്പെട്ട ഘടകങ്ങളാണ്. ബിജെപിക്കും ഇത് ബാധകമാണ്. ബിജെപി എന്ന സംഘടനയുടെ വലുപ്പം, സംഘടനയുടെ ബലം, നേതാക്കന്മാര്‍, സ്ഥാനാര്‍ത്ഥികള്‍ ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുന്ന വിഷയങ്ങളാണ്.

വീഡിയോ കാണുക

Top