ഗുജറാത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ജയ് ശ്രീറാം വിളിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന് തീവ്ര ഹിന്ദുത്വ വാദികള്‍

ഗുജറാത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ജയ് ശ്രീറാം വിളിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന് തീവ്ര ഹിന്ദുത്വ വാദികള്‍
ഗുജറാത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ജയ് ശ്രീറാം വിളിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന് തീവ്ര ഹിന്ദുത്വ വാദികള്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ കാണികളിലുണ്ടായിരുന്ന മുസ്‌ലിം യുവാവിനെ ഹിന്ദുത്വ വാദികള്‍ തല്ലിക്കൊന്നു. മുസ്‍ലിം കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ രോഷാകുലരായാണ് തീവ്ര ഹിന്ദുത്വ വാദികള്‍ യുവാവിനെ അടിച്ചുകൊന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ചിദോഗ്രയില്‍ നടന്ന പ്രാദേശിക മത്സരത്തിനിടെയാണ് ആക്രമണം.

ഗുജറാത്തിലെ ആനന്ദിലെ പോള്‍സണ്‍ നിവാസിയായ സല്‍മാന്‍ വോറയാണ് (23 ) കൊല്ലപ്പെട്ടത്. സല്‍മാന്റെ ഭാര്യ രണ്ട് ആഴ്ച ഗര്‍ഭിണിയാണ്.

ക്രിക്കറ്റ് ആരാധകനായ സല്‍മാന്‍ ചിദോഗ്രയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കാണാന്‍ പോയതായിരുന്നെന്ന് അമ്മാവന്‍ നൊമാന്‍ അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. കളി നടക്കുന്നതിനിടയില്‍ തന്നെ മുസ്‍ലിം കളിക്കാരുടെ മികച്ച പ്രകടനത്തില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുസ്‍ലിം കളിക്കാരുടെ മികച്ച പ്രകടനത്തിനിടെ ഹിന്ദുത്വവാദികള്‍ ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കുകയും കളിക്കാരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ആസിം ഖേദ്വാല മാധ്യമങ്ങളോട് പറഞ്ഞു. ടൂര്‍ണമെന്റ് കാണാന്‍ 5000ത്തിനടുത്ത് ജനങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ അതില്‍ മുസ്‍ലിം കാണികള്‍ 500ല്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മദ്യപിച്ചെത്തിയ ഒരു വ്യക്തി തന്റെ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സല്‍മാനോട് കയര്‍ക്കുകയും അത് സംഘര്‍ഷത്തിലേക്ക് വഴിയൊരുക്കുകയും ചെയ്തു. മദ്യപിച്ച വ്യക്തി സല്‍മാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തായ സുഹൈലിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സല്‍മാന്‍ അവര്‍ക്കിടയിലേക്ക് ചെല്ലുകയും പ്രശ്‌നം പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അത് പതിയെ സംഘര്‍ഷമാവുകയും ആള്‍ക്കൂട്ടം സല്‍മാനെ ആക്രമിക്കുകയും ചെയ്തു. ജയ് ശ്രീറാം എന്ന് വിളിച്ച് കൊണ്ട് ആള്‍ക്കൂട്ടം സല്‍മാനെ ആക്രമിക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

‘അവന്റെ ചെവി പകുതിയോളം ആരോ കടിച്ചെടുത്തിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ അവന്റെ വൃക്കക്ക് മാരകമായി പരുക്കേറ്റു’.- മരണ കാരണത്തെ കുറിച്ച് സല്‍മാന്റെ അമ്മാവന്‍ പറഞ്ഞു.

Top