ചണ്ഡീഗഡ്: ഹരിയാനയിലെ രാഷ്ട്രീയ പ്രതിസന്ധി അറിയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ബണ്ടാരു ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയേക്കും. പ്രതിപക്ഷ നേതാവ് ഭൂപേന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍, ഗവര്‍ണര്‍ ബണ്ടാരു ദത്താത്രേയയുമായി കൂടിക്കാഴ്ചക്ക് സമയം തേടി ഇന്നലെ കത്ത് നല്‍കിയിരുന്നു. സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യണം എന്ന് ആവശ്യപ്പെടാനാണ് നീക്കം.
ഹരിയനയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.ഹരിയാനയിലും ഡല്‍ഹിയിലും ബിജെപിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.നയാബ് സിംഗ് സെയ്‌നി സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്നും ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല നേരത്തെ ദത്താത്രേയക്ക് കത്തയച്ചിരുന്നു. അവിശ്വസ പ്രമേയം കൊണ്ടുവന്നാല്‍ കോണ്ഗ്രസ്സിനെ പിന്തുണക്കുമെന്നാണ് ജെജെപിയുടെ നിലപാട്.
എന്നാല്‍ സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയും ഇല്ലെന്നും, പ്രതിപക്ഷം ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി നായാബ് സിങ് സെയ്നി പറഞ്ഞു. മാര്‍ച്ച് 13 ന് സൈനി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിനാല്‍ ആറ് മാസത്തേക്ക് സാങ്കേതികമായി അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിയില്ല.