റാസൽഖൈമ: ലോക റെക്കോർഡിട്ട് ഗിന്നസ് ബുക്കിൽ ഇടംനേടി ജബൽ ജൈസിലെ 2 മലകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന സിപ്‌ലൈൻ. ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്‌ലൈനാണിത്.3 കിലോമീറ്റർ നീളവും 1,930 മീറ്റർ ഉയരമുള്ള ജബൽ ജൈസ് മലയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ‘ജൈസ് ഫ്ലൈറ്റ്’ സിപ്‌ലൈൻ സാഹസിക വിനോദസഞ്ചാരകേന്ദ്രമായ ജൈസ് അഡ്വഞ്ചർ പാർക്കിൽ നിന്നാണ് തുടങ്ങുന്നത്.
അവിടെ നിന്ന് 3 കിലോമീറ്റർ അകലെയുള്ള കുന്നിലാണ് ലാൻഡിങ് പോയിന്റ്. സിപ്‌ലൈൻ യാത്രയ്ക്ക് പ്രായപരിധിയില്ല. പക്ഷേ, കുറഞ്ഞത് 40 കിലോയെങ്കിലും ഭാരം വേണം. അതേസമയം, ഭാരം 120 കിലോയിൽ കൂടാനും പാടില്ല. പറക്കുന്നവരുടെ ഉയരം ഏറ്റവും കുറഞ്ഞത് 122 സെന്റിമീറ്ററാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് നേർത്ത കമ്പിയിൽ തൂങ്ങി അടുത്ത മലയിലേക്കു ‘പറക്കാം’.
തൂങ്ങി കിടക്കാനോ വളഞ്ഞു കിടക്കാനോ പാടില്ല. 3 കിലോമീറ്റർ ദൂരം താണ്ടാൻ വെറും 2 മിനിറ്റു മതി. വായുവിനെ കീറിമുറിച്ച് നമ്മൾ പറക്കും. ലാൻഡിങ് സ്ഥലം പൂർണമായും ചില്ലുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ആകാശത്തു തന്നെ വന്നിറങ്ങിയ ഒരു പ്രതീതിയുണ്ടാക്കുന്നതാണ് ഈ ഗ്ലാസ് പ്ലാറ്റ്ഫോം. സാഹസിക വിനോദസഞ്ചാര മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരാണ് ഇവിടെ സിപ്‌ലൈൻ പ്രവർത്തിപ്പിക്കുന്നത്. എല്ലാ ദിവസവും ലൈനിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്.