ഡൽഹി: ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയും സമാധാനത്തിന് ആഹ്വാനം ചെയ്തും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. ബംഗ്ലാദേശിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അടിയന്തരവും നിർണായകവുമായ നടപടികൾ വേഗത്തിൽ കൈക്കൊള്ളണമെന്ന് പ്രസിഡന്റ് സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു.
”ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തിലും അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലും അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ശൈഖ് ഹസീന സർക്കാരിൻ്റെ ഏകാധിപത്യപരവും ക്രൂരവുമായ ഭരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 2024 ജനുവരിയിൽ ബംഗ്ലാദേശിൽ നടന്ന പൊതു തെരഞ്ഞെടുപ്പ് സർക്കാർ അട്ടിമറിച്ചതിനാലാണ് പ്രതിപക്ഷത്തിന് ബഹിഷ്കിക്കേണ്ടി വന്നത്. ഇത് ജനാധിപത്യത്തിൻ്റെ അടിത്തറ തന്നെ തകർക്കുകയും രാഷ്ട്രീയ സംവിധാനത്തിലുള്ള പൊതുവിശ്വാസം ഇല്ലാതാക്കുകയും ചെയ്തു. പ്രമുഖ പ്രതിപക്ഷ നേതാക്കൾ അന്യായമായി തടവിലാക്കപ്പെട്ടു. പ്രതികാര രാഷ്ട്രീയത്തിലൂടെ വിയോജിപ്പുകളെ അടിച്ചമർത്തി”- ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
”പ്രതിഷേധിക്കുന്ന വിദ്യാർഥികളോടുള്ള ഷെയ്ഖ് ഹസീന ഭരണകൂടത്തിൻ്റെ സമീപനം യുദ്ധത്തിൽ ഉപയോഗിക്കുന്ന നടപടികൾക്ക് സമാനമായിരുന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ജനങ്ങൾക്ക് വിശ്വാസമുള്ളൊരു സർക്കാർ രൂപീകരിക്കുന്നതിനും ഉടനടി നടപടി സ്വീകരിക്കണം. ഈ കാലയളവിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും നീതി ലഭ്യമാക്കുകയും ഉത്തരവാദികളായവരെ ശിക്ഷിക്കുകയും വേണം”- പ്രസ്താവനയിൽ പറയുന്നു.
”ഇടക്കാല സർക്കാർ കാലതാമസം കൂടാതെ ജനാധിപത്യ പ്രക്രിയ ആരംഭിക്കണം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. സ്വത്ത് നശിപ്പിക്കാനും നിരപരാധികളായ പൗരന്മാർക്ക് നേരെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമം അഴിച്ചുവിടാനും ചിലർ ശ്രമിച്ചെന്നാണ് മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം അക്രമ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നു. ന്യൂനപക്ഷങ്ങളുടെയും മറ്റ് ദുർബല വിഭാഗങ്ങളുടെയും സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം.
ബംഗ്ലാദേശിലെ ആഭ്യന്തര സാഹചര്യം മേഖലയ്ക്കും അയൽ രാജ്യങ്ങൾക്കും സുരക്ഷാ ഭീഷണിയായി മാറാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് മുൻഗണന നൽകണമെന്ന് പ്രതിഷേധക്കാരോടും പൊതുജനങ്ങളോടും അഭ്യർഥിക്കുന്നു. സാമൂഹിക ഐക്യത്തിന് ന്യൂനപക്ഷങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും ജീവനും സ്വത്തുക്കളും സംരക്ഷിക്കേണ്ടത് അനിവാര്യതയാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, ഐക്യത്തോടെ നിലകൊള്ളാനാണ് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെടുന്നത്. പ്രതിസന്ധിയിൽ നിന്ന് വേഗം കരകയറി സമാധാനപൂർണമായൊരു അന്തരീക്ഷം ഉണ്ടാവുമെന്നാണ് പ്രതീക്ഷ”- പ്രസ്താവനയിൽ പറയുന്നു.