തിരിച്ചുവരവ് സൂചന നല്‍കി ജെയിംസ് ആന്‍ഡേഴ്സണ്‍

തിരിച്ചുവരവ് സൂചന നല്‍കി ജെയിംസ് ആന്‍ഡേഴ്സണ്‍
തിരിച്ചുവരവ് സൂചന നല്‍കി ജെയിംസ് ആന്‍ഡേഴ്സണ്‍

വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷവും ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നുവെന്ന സൂചന നല്‍കി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. അടുത്തിടെയാണ് താരം ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ടെസ്റ്റില്‍ നിന്ന് മാത്രമാണ് താന്‍ പടിയിറങ്ങിയതെന്നും മറ്റു ഫോര്‍മാറ്റുകളില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തുറന്നുപറയുകയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം.

‘ഇംഗ്ലണ്ടിന് വേണ്ടി ഇനി കളിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ എന്റെ യഥാര്‍ത്ഥ ക്രിക്കറ്റ് കരിയറിനെ കുറിച്ച് ഞാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ചെറിയ ഫോര്‍മാറ്റുകളില്‍ തുടരാന്‍ ഞാന്‍ ആലോചിക്കുന്നുണ്ട്. കാരണം ഞാന്‍ ഇതിനുമുന്‍പ് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ചിട്ടില്ല. ഹണ്‍ഡ്രഡ് ടൂര്‍ണമെന്റുകളില്‍ എനിക്ക് പന്തെറിയാന്‍ കഴിയുമെന്ന് തോന്നുന്നു’, ആന്‍ഡേഴ്സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് ജെയിംസ് ആന്‍ഡേഴ്സണ്‍. 188 മത്സരങ്ങളില്‍ നിന്ന് 704 വിക്കറ്റുകളാണ് താരം നേടിയത്. 2002 ല്‍ ആദ്യമായി ഇംഗ്ലണ്ട് ജേഴ്സിയില്‍ അരങ്ങേറി നീണ്ട 22 വര്‍ഷത്തെ കരിയറിനാണ് താരം വിരാമമിട്ടിരുന്നത്. 194 ഏകദിനങ്ങള്‍ കളിച്ച് 269 വിക്കറ്റുകള്‍ നേടിയ താരം ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ കൂടി നേടിയ താരമാണ്. ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കില്‍ ഒന്നാം സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കൂടിയ താരം കൂടിയായിരുന്ന ആന്‍ഡേഴ്സണ്‍ വിരമിച്ചതോടെ ഇംഗ്ലണ്ട് ക്രിക്കറ്റില്‍ ഒരു തലമുറ മാറ്റം കൂടിയായിരുന്നു നടന്നത്.

Top