ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്കുള്ള മറുപടിയാണ് ബാലറ്റ് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥിതിഗതികളും വിലയിരുത്തി. പരാതികൾ പരിഹരിക്കുന്നതിനും തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർഥികൾക്കും സമീപിക്കാവുന്ന തരത്തിൽ നിരീക്ഷകർ സജ്ജമായിരിക്കാൻ നിർദേശം നൽകിയെന്നും രാജീവ് കുമാർ വ്യക്തമാക്കി.
സ്വതന്ത്രവും നീതിപരവുമായ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീഷൻ സജ്ജമാണ്. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്തുന്നതിൽ ചില ശക്തികൾ ഉറച്ചുനിൽക്കുന്നു, പക്ഷേ ഞങ്ങൾ അവരെ കൈകാര്യം ചെയ്യാൻ തയാറാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ വോട്ടർമാരുടെ അതിശയിപ്പിക്കുന്ന ആവേശം കണ്ടു.
വോട്ട് എല്ലാത്തിനും ഉത്തരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സംസ്ഥാനത്തെ ജനങ്ങൾ വോട്ടിങ് പ്രക്രിയയിൽ പങ്കെടുത്ത് സ്വന്തം കൈ കൊണ്ട് അവരുടെ വിധി നിർണയിക്കുമെന്നും രാജീവ് കുമാർ പറഞ്ഞു.