ശ്രീനഗർ: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിൽ പിന്‍വലിച്ച് ബിജെപി. 44 പേരടങ്ങുന്ന ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് പിന്‍വലിച്ചത്. ബിജപിയുടെ പ്രധാന നേതാക്കളുടെ പേരുകള്‍ പട്ടികയിലുള്‍പ്പെട്ടിരുന്നില്ലെന്നും ഇതാണ് പട്ടിക പിന്‍വലിക്കാന്‍ കാരണമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റൈന, മുന്‍ മുഖ്യമന്ത്രിമാരായ നിര്‍മല്‍ സിങ്, കവീന്ദര്‍ ഗുപ്ത തുടങ്ങിയവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും ബിജെപിയിലേക്ക് ചേര്‍ന്ന ദേവേന്ദ്ര റാണയുടെ പേര് പട്ടികയിലുണ്ടായിരുന്നു.
രണ്ട് കശ്മീരി പണ്ഡിറ്റുകള്‍, 14 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‌സ്, പിഡിപി തുടങ്ങി പല പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് ചേര്‍ന്ന പലരുടെയും പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവര്‍ പങ്കെടുത്ത യോഗം ഡല്‍ഹിയില്‍ നടന്നിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രാജ്പുരയില്‍ നിന്ന് അര്‍ഷിദ് ഭട്, ഷോപിയനില്‍ നിന്ന് ജാവേദ് അഹ്‌മദ് ഖദ്‌രി, അനന്ത്‌നാഗ് വെസ്റ്റില്‍ നിന്ന് മുഹമ്മദ് റഫീഖ് വാണി, അനന്ത്‌നാഗില്‍ നിന്ന് സയ്യിദ് വസാഹത്, കിശ്ത്വാറില്‍ നിന്ന് സുശ്‌രി ഷഗുണ്‍ പരിഹാര്‍, ദോഡയില്‍ നിന്ന് ഗജയ് സിങ് റാണ എന്നിവര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്നായിരുന്നു രാവിലെ പുറത്തിറക്കിയ പട്ടികയില്‍ സൂചിപ്പിച്ചിരുന്നത്.
Also Read: ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി
ജമ്മുവിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളിലായാണ് നടക്കുന്നത്. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 87.09 ലക്ഷം വോട്ടര്‍മാര്‍ ജമ്മുവിലുണ്ട്.