ജമ്മു: ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. ജമ്മുവിലെ ബനിഹാലിലെയും കശ്മീരിലെ ദൂരുവിലെയും റാലികളിലാണ് രാഹുല്‍ പങ്കെടുക്കുക. ബുധനാഴ്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി എന്നിവര്‍ റാലിയില്‍ പങ്കെടുക്കും. പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന ആദ്യത്തെ ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് പ്രചാരണമായിരിക്കുമിത്.
‘സെപ്റ്റംബര്‍ നാലാം തീയതി ജമ്മുവിലെ ബനിഹാലിലും കശ്മീരിലെ ദൂരിലും റാലി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഭാരത് ജോഡോ യാത്രയിലൂടെ കോടിക്കണക്കിനാളുകളുമായി രാഹുല്‍ ഗാന്ധിക്ക് അടുപ്പമുണ്ടാക്കാന്‍ സാധിച്ചു. ഇതാണ് തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ നിര്‍ണായക ഘടകം. ഈ യാത്ര ഞങ്ങളുടെ ആത്മവിശ്വാസം ഗണ്യമായി വര്‍ധിപ്പിക്കുന്നുണ്ട്,’ ജമ്മു കാശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ പറഞ്ഞു.
Also Read: സിപിഐഎം സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും
മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. റാലിയില്‍ നിന്ന് തുടങ്ങി റോഡ് ഷോയില്‍ അവസാനിക്കുന്ന രീതിയിലാണ് പ്രചാരണം തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം സഖ്യം ചേര്‍ന്നാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇരുപാര്‍ട്ടികളും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി. നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലുമായിരിക്കും മത്സരിക്കുക.