ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ന് ആദ്യഘട്ട പോളിങ്. 10 വര്‍ഷത്തിനുശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 24 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തില്‍. 2019ല്‍ പ്രത്യേക പദവി റദ്ദാക്കിയതിനും സംസ്ഥാനം വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശമാക്കിയതിനും (ലഡാക്ക്, ജമ്മു-കശ്മീര്‍) ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഏതുവിധേനയും ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഇന്‍ഡ്യ സഖ്യകക്ഷികളായ കോണ്‍ഗ്രസ്-നാഷനല്‍ കോണ്‍ഫറന്‍സ് കൂട്ടുകെട്ട് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. പി.ഡി.പിയും ചെറുകക്ഷികളും സ്വതന്ത്രരും മത്സരരംഗത്തുണ്ട്.
സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി (കുല്‍ഗാം), എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ (ദൂറു), നാഷനല്‍ കോണ്‍ഫറന്‍സിന്റെ സക്കീന ഇറ്റൂ (ദംഹല്‍ ഹാജിപോറ), പി.ഡി.പിയുടെ സര്‍താജ് മദ്നി (ദേവ്‌സര്‍), അബ്ദുല്‍ റഹ്‌മാന്‍ വീരി (ഷാംഗസ്-അനന്ത്‌നാഗ് ഈസ്റ്റ്) എന്നിവരാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍.
പുല്‍വാമ, അനന്ത്‌നാഗ്, ഷോപിയാന്‍, കുല്‍ഗാം, റാമ്പന്‍, കിഷ്ത്വര്‍, ദോഡ ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ്. 90 സ്വതന്ത്രര്‍ ഉള്‍പ്പെടെ 219 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. 26 മണ്ഡലങ്ങളിലായി രണ്ടാംഘട്ടത്തില്‍ 25നും 40 മണ്ഡലങ്ങളിലായി മൂന്നാംഘട്ടത്തില്‍ ഒക്ടോബര്‍ ഒന്നിനുമാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.