ന്യൂഡൽഹി: ലൈംഗികാരോപണത്തെത്തുടര്‍ന്ന് കോറിയോഗ്രാഫര്‍ ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററുടെ ദേശീയ അവാര്‍ഡ് മരവിപ്പിച്ചു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്‍റെ ദേശീയ ചലച്ചിത്ര അവാർഡ് സെൽ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഈ മാസം 8 ന് ന്യൂഡല്‍ഹിയില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
ജാനി മാസ്റ്ററും സതീഷ് കൃഷ്ണനും സംയുക്തമായാണ് ദേശീയ അവാർഡ് നേടിയത്. ഇതില്‍ സതീഷ് കൃഷ്ണ ചടങ്ങില്‍ പങ്കെടുക്കും എന്നാണ് വിവരം. തിരുച്ചിത്രംബലം എന്ന സിനിമയ്ക്കാണ് ജാനി മാസ്റ്റര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. മധ്യപ്രദേശ് സ്വദേശിനിയായ അസിസ്റ്റന്റ് കോറിയോഗ്രാഫര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് ജാനി മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ സെപ്റ്റംബര്‍ 19 ന് ജാനി മാസ്റ്ററെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: എല്ലാവർക്കും നന്ദി; ആശുപത്രിവിട്ട ശേഷം പ്രതികരിച്ച് രജനീകാന്ത്
ദേശീയ പുരസ്കാരം സ്വീകരിക്കുന്നതിനായി ഇയാൾക്ക് അടുത്തിടെ കോടതി ഇടകാലജാമ്യം അനുവദിച്ചിരുന്നു. ഹൈദരാബാദിലെ രംഗറെഡ്ഡി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒക്‌ടോബർ 6 മുതൽ 10 വരെയാണ് ജാനി മാസ്റ്റർക്ക് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ജാമ്യത്തിലിരിക്കേ മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്നും മറ്റൊരു ഇടക്കാല ജാമ്യാപേക്ഷ സമർപ്പിക്കരുതെന്നും കോടതിയിൽ നിന്ന് നിർദേശമുണ്ട്.
സെക്ഷൻ 376 (2) (ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷ), 506 ( ഭീഷണിപ്പെടുത്തൽ) കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനുള്ള ശിക്ഷ ), പോക്‌സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ അറസ്റ്റ്. 2019 മുതൽ പെൺകുട്ടി ഇയാളുടെ സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും ഒന്നിലേറെ തവണ ഇത് തുടർന്നുവെന്നുമാണ് റായ്ദുർഗം പൊലീസിന് പെൺകുട്ടി മൊഴി നൽകിയത്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലെ ഷൂട്ടിങ്ങിനിടെ ജാനി തന്നെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു.