പത്തനംതിട്ട: ജസ്ന തിരോധനക്കേസില്‍ വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി. ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടി കോട്ടയം മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായാണ് വെളിപ്പെടുത്തല്‍. കാണാതാവുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി യുവാവിനൊപ്പം ലോഡ്ജില്‍ എത്തിയെന്ന് ലോഡ്ജിലെ മുന്‍ ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
‘ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂര്‍ അവിടെയുണ്ടായിരുന്നു. അഞ്ച് മണിക്ക് തിരിച്ചിറങ്ങിപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേല്‍വിലാസവും മാത്രമെ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ഒരു പയ്യന്‍ കൂടെയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ പയ്യനാണ്. കൊച്ചുപെണ്‍കുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ഇട്ടിരുന്നത്. 103-ാം നമ്പര്‍ റൂം ആണ് എടുത്തത്’, മുന്‍ ജീവനക്കാരി വെളിപ്പെടുത്തി. ലോഡ്ജ് ഉടമ തന്നെ അടിച്ചിറക്കി വിടുകയും മോശം കാര്യങ്ങളൊക്കെ പ്രചരിപ്പിക്കുകയുമാണ്. അതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയാന്‍ തയ്യാറാവുന്നതെന്നും അവര്‍ വ്യക്തമാക്കി.
‘ആരോടും പറയേണ്ടെന്നാണ് ലോഡ്ജ് ഉടമ പറഞ്ഞത്. പത്രത്തില്‍ പടം കണ്ടപ്പോഴാണ് ഈ കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. ലോഡ്ജ് ഉടമയെ കാണിച്ചപ്പോള്‍ ഇക്കാര്യം പുറത്തുപറയേണ്ടെന്നാണ് പറഞ്ഞത്. സിബിഐ വിവരങ്ങള്‍ തിരക്കിയിട്ടില്ല. ക്രൈംബ്രാഞ്ചിനോട് കാര്യം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ആര് ചോദിച്ചാലും പറയും. എന്നെ ആരും കൊല്ലാതിരുന്നാല്‍ മതി. ഹോട്ടല്‍ ഉടമയ്ക്ക് കാര്യങ്ങള്‍ അറിയാമായിരിക്കാം. 14 വര്‍ഷം ജോലി ചെയ്തിട്ടും എനിക്ക് അയാള്‍ പൈസ തന്നിട്ടില്ല. അങ്ങനെ പൊലീസില്‍ കേസ് കൊടുത്തു. റൂമിന്റെ വാടകയാണെന്ന് പറഞ്ഞ് ശമ്പളം തരാറില്ല. എനിക്ക് നീതി കിട്ടണം. ജാതിപേര് വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ട്’, ജീവനക്കാരി പറഞ്ഞു.