കോട്ടയം: ജസ്ന തിരോധാനക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘം ഇന്ന് രേഖപ്പെടുത്തും. ജസ്‌നയെ ലോഡ്ജില്‍ വെച്ച് കണ്ടതായി ഇവര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സിബിഐ നടപടി. അതേസമയം മുന്‍ ജീവക്കാരിയുടെ വെളിപ്പെടുത്തല്‍ ലോഡ്ജ് ഉടമയും ജസ്‌നയുടെ പിതാവും തള്ളിയിരുന്നു. ഇവരുടെ മൊഴിയില്‍ കഴമ്പില്ലെന്ന് കണ്ട് നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. 2018 മാര്‍ച്ച് 22നാണ് പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ജെസ്‌നയെ കാണാതായത്.
ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടി കോട്ടയം മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായി നേരത്തെ ലോഡ്ജ് ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി യുവാവിനൊപ്പം ലോഡ്ജില്‍ എത്തിയെന്നായിരുന്നു ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ‘ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂര്‍ അവിടെയുണ്ടായിരുന്നു. അഞ്ച് മണിക്ക് തിരിച്ചിറങ്ങിപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേല്‍വിലാസവും മാത്രമെ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ഒരു പയ്യന്‍ കൂടെയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ പയ്യനാണ്. കൊച്ചുപെണ്‍കുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ഇട്ടിരുന്നത്’ എന്നായിരുന്നു മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍.
ജസ്ന തിരോധാനക്കേസില്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ലോഡ്ജ് ഉടമ നിഷേധിച്ചിരുന്നു. ജസ്നയോ ജസ്‌നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്നായിരുന്നു ലോഡ്ജുടമ പ്രതികരണം. ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെതിരെ ജസ്‌നയുടെ പിതാവും രംഗത്ത് വന്നിരുന്നു. കേസ് അട്ടിമറിക്കാന്‍ തിരോധാനവുമായി ബന്ധമുള്ളവര്‍ ഗൂഡാലോചന നടത്തുന്നുവെന്നായിരുന്നു ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ആരോപണം.