പുളിക്കല്‍: മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെ സ്‌കൂളിന് അവധി നൽകിയത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരിൽ കൂടുതൽ പേരും അരൂര്‍ മേഖലയിലുള്ളവരാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
മഞ്ഞപ്പിത്തം ബാധിച്ചവരിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാൽ രണ്ടാഴ്ച നിർണായകമാണ്. പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.