ജെസ്ന തിരോധാനം; പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സി.ബി.ഐ

ജെസ്ന തിരോധാനം; പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സി.ബി.ഐ
ജെസ്ന തിരോധാനം; പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സി.ബി.ഐ

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചതിനെതിരേ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് സി.ബി.ഐ. കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. കേസ് ഏപ്രില്‍ അഞ്ചിന് കോടതി പരിഗണിക്കും.

ചൊവ്വാഴ്ചയാണ് തിരുവനന്തപുരം സി.ജെ.എം. കോടതി ജെസ്നയുടെ പിതാവിന്റെ ഹര്‍ജി പരിഗണിച്ചത്. തുടര്‍ന്ന് സി.ബി.ഐ.യോട് വിശദീകരണം ചോദിച്ചു. എന്നാല്‍, കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു സി.ബി.ഐ.യുടെ ആവശ്യം. തുടര്‍ന്നാണ് കേസ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റിയത്. ജെസ്ന കേസില്‍ സുപ്രധാനമായ ഒട്ടേറെകാര്യങ്ങള്‍ സി.ബി.ഐ. അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ഹര്‍ജി ഫയല്‍ചെയ്തിരുന്നത്. ജെസ്നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. കാണാതാകുന്നതിന് മുന്‍പ് ജെസ്ന എന്‍.എസ്.എസ്. ക്യാമ്പില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ചും അന്വേഷമുണ്ടായില്ല. ജെസ്നയ്ക്ക് അമിത രക്തസ്രാവമുണ്ടായത് സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

അതേസമയം, ജെസ്ന കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജികൂടി ചൊവ്വാഴ്ച കോടതിയിലെത്തി. കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയാണ് തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ കോടതിയില്‍ പറയാനാകുമെന്നുമാണ് ഇയാളുടെ ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്നും എറണാകുളം സ്വദേശി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിക്കുന്നതും കോടതി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.

Top