കണ്ണൂർ: നാടകങ്ങളില്‍ നടിയായി ചുവടുവെയ്ക്കുമ്പോൾ ജെസിക്ക് 13 വയസായിരുന്നു പ്രായം. 15 വയസ്സ് മുതല്‍ പ്രഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. തുടര്‍ന്നാണ് ഭര്‍ത്താവ് തേവലക്കര മോഹനനൊപ്പം വേദികളിലെത്തിയത്. ഭര്‍ത്താവ് തേവലക്കര മോഹനനെ കണ്ടുമുട്ടുന്നതും നാടകത്തിലൂടെ തന്നെയാണ്. ഭര്‍ത്താവിന്റെ വിയോഗം ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് തന്റെ മകള്‍ക്കായി ഒറ്റയ്ക്ക് പൊരുതാന്‍ ഇറങ്ങിയതാണ് ജെസി. ജൂണ്‍ 24 നാണ് ഭര്‍ത്താവും നടനുമായ തേവലക്കര മോഹനന്‍ രോഗബാധിതനായി മരിച്ചത്.
മൂന്നാം വയസില്‍ അച്ഛനാണ് കുഞ്ഞ് ജെസിയെ നാടകത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. അദ്ദേഹം മരിച്ചതോടെ ജെസ്സിയുടെയും 3 സഹോദരങ്ങളുടെയും അമ്മ ത്രേസ്യാമ്മയുടെയും ജീവിതം ദുരിതത്തിലായി. പിന്നീട് 13 വയസ്സ് മുതൽ ജെസി അമച്വർ നാടകങ്ങളിൽ നടിയായി. തുടര്‍ന്നാണ് ഭര്‍ത്താവ് തേവലക്കര മോഹനനൊപ്പം വേദികളിലെത്തിയത്. നാല് പതിറ്റാണ്ടോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ‘കൊല്ലം സ്വാതി’ എന്ന പേരില്‍ സ്വന്തം സമിതിയും രൂപീകരിച്ചു. 16 വര്‍ഷം ഈ സമിതി വേദികളില്‍ സജീവമായിരുന്നു.
Also Read: സേവന നിരക്കുകള്‍ ഉയര്‍ത്തി ഹരിതകര്‍മസേന
കോവിഡ് കാലത്താണു സമിതിയുടെ പ്രവർത്തനം നിർത്തിയത്. ഇതിനിടെ മോഹനൻ രോഗബാധിതനായതോടെ ആഘാതം ഇരട്ടിച്ചു. ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ജെസി മറ്റു സമിതികളിൽ അഭിനയിച്ചു. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് വീടും പറമ്പുമെല്ലാം നഷ്ടപ്പെട്ടു. നാടകത്തെ മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ് ജെസിയുടെ അപ്രതീക്ഷിത വിയോഗം. ജെസിയുടെ രണ്ട് സഹോദരങ്ങളും മരിച്ചത് വാഹനാപകടത്തിലായിരുന്നു.
കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ‘വനിതാ മെസ്സ്’ എന്ന നാടകത്തിൽ ജെസി പ്രധാനപ്പെട്ട രണ്ടു വേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. കണ്ണൂര്‍ കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് ജെസി വിടപറഞ്ഞത്. അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.