കൊച്ചി: വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണെമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.
വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നത്. എന്നാല്‍, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല. ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്‍കുകയാണെങ്കില്‍ അത് നിയമപരമായ രീതിയില്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്നും അധ്യക്ഷ നിര്‍ദേശിച്ചു.
സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതായ പരാതികളും ഉണ്ട്. ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിയുമായി സൈബര്‍ പോലീസ് സംവിധാനത്തെ സ്ത്രീകള്‍ ആശ്രയിക്കുന്നത് നല്ല പ്രവണതയാണ്. ഓഗസ്റ്റ് മാസം മുതല്‍ വനിതാ കമ്മീഷന്‍ വിവിധ കാമ്പയിനുകള്‍ ആരംഭിക്കും. പോഷ് ആക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലകളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. വിവാഹപൂര്‍വ കൗണ്‍സിലിംഗ് നല്‍കും. കോളേജുകളില്‍ കലാലയ ജ്യോതി സംഘടിപ്പിക്കും. വിദ്യാർഥിനികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുമെന്നും അധ്യക്ഷ അറിയിച്ചു