റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറണ്ടി ധന്‍വർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്‍.ഡി.എ മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമായത്.
മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായിരുന്ന ചമ്പായ് സോറന്‍, മുൻമുഖ്യമന്ത്രി ഷിബു സോറന്റെ മരുമകളുമായ സീത സോറന്‍ എന്നിവരും പട്ടികയിലുണ്ട്. ചമ്പായ് സരായ്‌കെല്ലയില്‍ നിന്നും സീത ജംതാരയിൽ നിന്നും ഗീത ബാൽമുച്ചു ചായ്ബാസയിൽ നിന്നും മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ ജനനാഥ്പുരിൽ നിന്നും മീര മുണ്ട പോറ്റ്കയിൽ നിന്നുമാണ് ജനവിധി തേടുന്നത്.
ഝാര്‍ഖണ്ഡിലെ പ്രധാന ബി.ജെ.പി. നേതാവായ നീര യാദവ് കൊദര്‍മയില്‍ നിന്ന് മത്സരിക്കും. ഗാണ്ഡേയില്‍ മുനിയ ദേവി, സിന്ദ്രിയില്‍ താരാ ദേവിസ നിര്‍സയില്‍ അപനാര്‍ന സെന്‍ഗുപ്തയും മത്സരിക്കുമെന്നാണ് ബി.ജെ.പി. അറിയിച്ചിരിക്കുന്നത്. ആകെയുള്ള 81 സീറ്റുകളില്‍ ബി.ജെ.പി 68 സീറ്റിലും സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ജെ.എസ്.യു) പത്ത് സീറ്റിലും ജെ.ഡി.യു രണ്ട് സീറ്റിലും ലോക് ജനശക്തി പാർട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുക.