ഇതുവരെ ബാങ്കിതര ധനകാര്യ സ്ഥാപനമായിരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇനി മുതല്‍ കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായിരിക്കും. ഇതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്‍ബിഎഫ്സിയില്‍ നിന്ന് സിഐസിയിലേക്ക് മാറുന്നതിന് ആര്‍ബിഐക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ ഓഹരിവിപണിയില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികളില്‍ മുന്നേറ്റമുണ്ടായി.
100 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള ഒരു പ്രത്യേക എന്‍ബിഎഫ്‌സി ആണ് കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി. 2016 ഡിസംബര്‍ 20-ലെ ആര്‍ബിഐ സര്‍ക്കുലര്‍ അനുസരിച്ച്, ചില വ്യവസ്ഥകളോടെ ഓഹരികളും സെക്യൂരിറ്റികളും ഏറ്റെടുക്കുന്നതാണ് സിഐസിയുടെ പ്രധാന ബിസിനസ്സ്. കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികള്‍ക്ക് ഓഹരികള്‍, ബോണ്ടുകള്‍, കടപ്പത്രങ്ങള്‍ എന്നിവയില്‍ അറ്റ ആസ്തിയുടെ 90 ശതമാനത്തില്‍ കുറയാതെ നിക്ഷേപം ഉണ്ടായിരിക്കണം. 100 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ള എല്ലാ സിഐസികളും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.