കൊച്ചി: എആര്‍എം സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയ കേസില്‍ രണ്ടുപേരെ കേരള പൊലീസ് കൊയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍. ഞങ്ങളുടെ പരാതി സിനിമയുടെ പ്രമോഷൻ ഗിമ്മിക്കാണെന്ന് ചിലര്‍ പറഞ്ഞു.. പക്ഷേ ആരൊക്കെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചാലും കേരളത്തിലെ കുടുംബങ്ങൾ നമ്മുടെ സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്. മുപ്പതാം നാളിൽ 200 ൽപ്പരം തിയറ്ററുകളിൽ മികച്ച കളക്ഷനോടെ സിനിമ ശക്തമായി നിലകൊള്ളുന്നു എന്നത് തന്നെയാണ് അതിനുള്ള തെളിവ് എന്നും സംവിധായകന്‍ പറഞ്ഞു.
സർക്കാർ നിയമ സംവിധാനങ്ങളിലും കേരള പോലീസിനേയും നമ്മൾ പൂർണ്ണമായി വിശ്വസിച്ചാണ് പരാതി നൽകിയത്. പരാതി നൽകി ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമ പകർത്തിയ ആളെ കേരള പോലീസ് കോയമ്പത്തൂരിൽ വെച്ച് പിടികൂടിയിരിക്കുകയാണ്. കുറ്റമറ്റ ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. സിനിമയുടെ വ്യാജ പതിപ്പുകൾ പുറത്തിറക്കുന്നവരുടെ വലിയ കണ്ണികളിലേക്ക് അന്വേഷണം തുടരുമെന്നാണ് അറിയാൻ സാധിച്ചത്. കേരള പോലീസിനും മാധ്യമങ്ങൾക്കും നന്ദിയെന്ന് ജിതിന്‍ ലാല്‍ ഫേസ്ബുക്കിൽ കുറിച്ചു.
ജിതിന്‍ ലാലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
നമ്മുടെ എആര്‍എം എന്ന സിനിമ റിലീസായി മികച്ച ജനപിന്തുണ നേടുന്നതിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ സിനിമയുടെ വ്യാജ പതിപ്പ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടേയും മറ്റ് വെബ് സൈറ്റുകളിലൂടേയും പ്രചരിപ്പിച്ചതിനെതിരെ ഞാനും നിർമ്മാതാവ് ലിസ്റ്റിൽ ചേട്ടനും സംയുക്തമായി പോലീസ് മുമ്പാകെ പരാതി നൽകിയിരുന്നു.
സർക്കാർ നിയമ സംവിധാനങ്ങളിലും കേരള പോലീസിനേയും നമ്മൾ പൂർണ്ണമായി വിശ്വസിച്ചാണ് പരാതി നൽകിയത്. പരാതി നൽകി ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമ പകർത്തിയ ആളെ കേരള പോലീസ് കോയമ്പത്തൂരിൽ വെച്ച് പിടികൂടിയിരിക്കുകയാണ്. കുറ്റമറ്റ ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.
സിനിമയുടെ വ്യാജ പതിപ്പുകൾ പുറത്തിറക്കുന്നവരുടെ വലിയ കണ്ണികളിലേക്ക് അന്വേഷണം തുടരുമെന്നാണ് അറിയാൻ സാധിച്ചത്. കേരള പോലീസിനും മാധ്യമങ്ങൾക്കും നന്ദി. നമ്മൾ പരാതി നൽകിയിരുന്ന വേളയിൽ കേവലം സിനിമയുടെ പ്രമോഷൻ ഗിമ്മിക്കായി മാത്രം വിലയിരുത്താൻ ചിലർ ശ്രമിച്ചു എന്നത് ഏറെ സങ്കടമുണ്ടാക്കിയിരുന്നു. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ തിയറ്ററിൽ എത്തിച്ച നമ്മുടെ സിനിമയെ നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വ്യാജമായി പ്രചരിപ്പിക്കപ്പെടുന്നതിൽ വല്ലാത്ത സങ്കടവും നിരാശയും തോന്നിയ സാഹചര്യത്തിലാണ് പരാതി നൽകിയത്.
സിനിമയെന്ന വലിയ വ്യവസായത്തിന്‍റെ നിലനിൽപ്പ് എന്നെ പോലുള്ള അനേകം പേരുടെ സ്വപ്നത്തിന്‍റെ ഭാഗം കൂടിയാണ്. നമ്മൾ ആ വിശ്വാസത്തിൽ അടിയുറച്ചാണ് ഈ വിപത്തിനെതിരെ പരാതി നൽകിയത്. പക്ഷേ അതു പോലും ദുർവ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യം ഏറെ വിഷമമുണ്ടാക്കി. പക്ഷേ ആരൊക്കെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചാലും കേരളത്തിലെ കുടുംബങ്ങൾ നമ്മുടെ സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്.
ഈ മുപ്പതാം നാളിൽ 200 ൽപ്പരം തിയറ്ററുകളിൽ മികച്ച കളക്ഷനോടെ സിനിമ ശക്തമായി നിലകൊള്ളുന്നു എന്നത് തന്നെയാണ് അതിനുള്ള തെളിവ്. നമ്മുടെ സിനിമയെ ഒരു വ്യാജ പ്രചരണത്തിലും തളരാതെ കാത്ത പൊതു ജനങ്ങളോട് കൂപ്പുകൈകളോടെ നന്ദി പറയുന്നു. നമ്മൾ പറഞ്ഞത് ഒരു വിളക്കിന്‍റെ കഥയാണ്. പ്രകാശം ഏത് ഇരുട്ടിനേയും ഭേദിക്കുമെന്നാണല്ലോ.നന്ദി,സ്നേഹം.