ഹരിയാനയില്‍ ജെജെപിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട് നാല് എംഎല്‍എമാര്‍

ഹരിയാനയില്‍ ജെജെപിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട് നാല് എംഎല്‍എമാര്‍
ഹരിയാനയില്‍ ജെജെപിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട് നാല് എംഎല്‍എമാര്‍

ഡല്‍ഹി: ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്ക് കനത്ത തിരിച്ചടി. രണ്ട് ദിവസത്തിനുള്ളില്‍ ആകെയുള്ള 10 എംഎല്‍എമാരില്‍ നാല് പേര്‍ പാര്‍ട്ടി വിട്ടു. എംഎല്‍എ ഈശ്വര്‍ സിങ്, രാംകരണ്‍ കാല, ദേവേന്ദ്ര ബബ്ലി എന്നിവര്‍ പാര്‍ട്ടിയുടെ പ്രാഥമികാഗംത്വവും പാര്‍ട്ടിയിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഇന്ന് രാജിവെച്ചു. എംഎല്‍എ അനൂപ് ധനക് ഇന്നലെ രാജിവെച്ചിരുന്നു. രാജിവെച്ച എംഎല്‍എമാര്‍ ബിജെപിയിലേക്കോ കോണ്‍ഗ്രസിലേക്കോ ചേക്കേറാനാണ് സാധ്യത. ബിജെപി-ജെജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അനൂപ് ധനക് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈശ്വര്‍ സിങ്, രാംകരണ്‍ കാല, ദേവേന്ദ്ര ബബ്ലി എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി-ജെജെപി സഖ്യം വേര്‍പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയതിന് രണ്ട് എംഎല്‍എമാര്‍ക്കെതിരെ ജെജെപി നേതൃത്വം നടപടി ആവശ്യപ്പെട്ടിരുന്നു. എംഎല്‍എമാരായ രാംനിവാസ് സുര്‍ദഖേര, ജോഗി റാം സിഹാഗ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടപടി ആവശ്യപ്പെട്ടത്. മറ്റൊരു എംഎല്‍എയായ രാംകുമാര്‍ ഗൗരാം പല ഘട്ടങ്ങളില്‍ പാര്‍ട്ടിക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. ഇതോടെ ആകെയുള്ള പത്ത് എംഎല്‍എമാരില്‍ ഏഴ് പേരും പാര്‍ട്ടിക്ക് പുറത്താണെന്ന അവസ്ഥയിലാണ് ജെജെപി. ഒക്ടോബര്‍ ഒന്നിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നതാണ് എംഎല്‍എമാരുടെ നീക്കം.

Top