വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് ബൈഡന്റെ അവസാന ദീപാവലി ആഘോഷമാണിത്. ഇന്ന് വൈകീട്ട് വൈറ്റ് ഹൗസിൽ ജോ ബൈഡനും രാജ്യത്തുടനീളമുള്ള ഇന്ത്യൻ അമേരിക്കക്കാരും ദീപാവലി ആഘോഷിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. മുൻ വർഷങ്ങളിലെ പോലെ പ്രസിഡന്റ് ബ്ലൂ റൂമിൽ വിളക്ക് തെളിയിക്കും.
സമ്മേളനത്തില്‍ ബൈഡന്‍ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കും. അതിനുശേഷം അദ്ദേഹം ഇന്ത്യൻ അമേരിക്കക്കാർക്ക് സ്വീകരണം നൽകും. കഴിഞ്ഞ വര്‍ഷവും സമാനമായ ആഘോഷം വൈറ്റ് ഹൗസ് സംഘടിപ്പിച്ചിരുന്നു.
സമ്മേളനത്തില്‍ വിരമിച്ച നാവികസേന ക്യാപ്റ്റനും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെ വീഡിയോ സന്ദേശം ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നായിരിക്കും സുനിത വില്യംസിന്റെ ദീപാവലി ആശംസകള്‍ ലഭിക്കുക.