വില്‍മിങ്ടണ്‍ (യു.എസ്): തോക്ക് വാങ്ങാന്‍ കള്ളം പറഞ്ഞ സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. തോക്ക് കൈവശം വെക്കാന്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഹണ്ടര്‍ ബൈഡന്‍ കള്ളം പറയുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഡെലവെയറിലെ വില്‍മിങ്ടണ്‍ ഫെഡറല്‍ കോടതി ജൂറി അദ്ദേഹത്തിനെതിരായ മൂന്ന് കാര്യങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2018ല്‍ അനധികൃതമായി റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയില്‍ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വെക്കുക എന്നീ കുറ്റങ്ങളിലാണ് ഹണ്ടര്‍ ബൈഡന്‍ വിചാരണ നേരിട്ടത്. 25 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
തനിക്കെതിരേ വന്ന ആരോപണങ്ങള്‍ ഹണ്ടര്‍ ബൈഡന്‍ നിഷേധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ലോസ് ആഞ്ജലസില്‍ അടുത്ത വിചാരണ നടക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.