പാലക്കാട്: കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ അതിന്റെ പ്രതികരണവുമായി പിവി അൻവര്‍. തന്നെ ജയിലില്‍ അടയ്ക്കട്ടെയെന്നും വരുന്നത് നോക്കാമെന്നും പിവി അൻവര്‍ പറഞ്ഞു. തനിക്കെതിരെ കേസെടുക്കുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നും കൂടുതൽ മറുപടി നിലമ്പൂരിലെ യോഗത്തിൽ പറയാമെന്നും പിവി അൻവര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്‍റെ ഭാഗമായുള്ള നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങിയശേഷമായിരുന്നു അൻവറിന്‍റെ ഈ പ്രതികരണം.
മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റമുണ്ടായത് അൻവറിന്‍റെ പ്രതികരണം തേടുന്നതിനിടെയാണ്. പിവി അൻവറിന്‍റെ പ്രതികരണം എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരു വിഭാഗം തടയുകയായിരുന്നു. അൻവറിനോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കണ്ടെന്നും യോഗം വിളിച്ചതല്ലേ അവിടെ പറയുമെന്ന് പറഞ്ഞുമാണ് കയ്യേറ്റം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി.
Also Read: പാർട്ടി പ്രവർത്തകർക്ക് വേണ്ടി സംസാരിക്കാൻ അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ല: പി.മോഹനൻ
രൂക്ഷ വിമർശനം തുടർന്ന് അൻവർ
വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പരിപാടിക്കിടെയും അൻവര്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. തന്‍റെ കയ്യിലൊന്നുമില്ലെന്നും കാര്യങ്ങൾ വളരെ മോശമാണെന്നും അതുകൊണ്ടാണ് ആഫ്രിക്കയിലും അൻ്റാർട്ടിക്കയിലും പോകേണ്ടി വന്നതെന്നും അൻവര്‍ പറഞ്ഞു.
മലപ്പുറത്തെ ലഹരി കേസിൽ ഡാൻസാഫ് സംഘം നിരപരാധികളെ കുടുക്കുകയാണ്. ലഹരി വ്യാപകമാവുന്നതിന്‍റെ ഉത്തരവാദി പൊലീസാണ്. പത്ത്കോടി മറ്റിടങ്ങളിൽ കച്ചവടം നടക്കുമ്പോൾ ചെറിയ ഗ്രാം വെച്ച് സാധാരണക്കാരെ കുടുക്കുന്നു.
Also Read: ആർക്കൊപ്പം നിൽക്കരുത് എന്നതിന് അൻവറിന്റെ ഈ അനുഭവം പലർക്കും ഒരു പാഠമാവട്ടെ; വി.ടി. ബൽറാം
നമ്മുടെ നാട് കുട്ടിച്ചോറാകാൻ പോവുകയാണ്. ഇതിനെതിരെ പ്രതികരിക്കണം. ആ ചിന്തയാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്. എല്ലാ രാഷ്ട്രീയക്കാരും രാത്രിയിൽ ഒറ്റക്കെട്ടാണ്. എന്നാൽ ആരും ആരുടെയും അടിമയല്ല. അതാവാതിരിക്കാൻ നമ്മൾ ശ്രമിക്കുക. രാഷ്ട്രീയം എന്നത് സ്വയം രക്ഷാബോധമുള്ളവരാക്കുക എന്നതാണ്. നന്മയെ പിന്തുണക്കുന്നവരും തിന്മയെ എതിർക്കുന്നവരുമാണ് മലയാളികളെന്നും പിവി അൻവര്‍ കൂട്ടിച്ചേർത്തു.