തിരുവനന്തപുരം: രാജ്യത്ത് കോൺഗ്രസിനും ഇടത് പാര്‍ട്ടികൾക്കും ഒരു ആശയവുമില്ലെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. കേരളത്തിൽ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായെത്തിയ അദ്ദേഹം തൃശ്ശൂരിലെ വിജയത്തിൽ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
ബിജെപി വടക്കേ ഇന്ത്യൻ പാര്‍ട്ടിയെന്ന പ്രചാരണം തെറ്റിയെന്നും ആന്ധ്രയിലെയും തെലങ്കാനയിലെയും മികച്ച ജയം ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും മികച്ച വിജയത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തും ആറ്റിങ്ങലിലും തോൽവിയല്ല ജയമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി പ്രവർത്തകർ ജീവൻ പണയം വെച്ചാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് എന്തോ വലിയ നേട്ടമുണ്ടായി എന്ന മട്ടിൽ പ്രചാരണം നടത്തുന്നുണ്ട്. 13 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒരു സീറ്റ് പോലുമില്ല. പലയിടത്തും മറ്റുള്ളവരുടെ സഹായം കൊണ്ടാണ് സീറ്റ് നേടുന്നത്.
പരാദ ജീവി എന്നാണ് ഇതിനെ വിശേഷിപ്പിക്കുക. ദില്ലിയിൽ ഡി രാജ കോൺഗ്രസിനൊപ്പം നിൽക്കുന്നു, വയനാട്ടിൽ രാജയുടെ ഭാര്യ കോൺഗ്രസിനെതിരെ മത്സരിച്ചു. കോൺഗ്രസിനും ഇടത് പാർട്ടികൾക്കും കസേര മാത്രം മതി. അഴിമതി ആണ് ഇന്ത്യ സഖ്യത്തെ യോജിപ്പിച്ചു നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.