തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ വികസനം ഉറപ്പാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോണ്‍ഗ്രസിനായി വോട്ട് ചെയ്തിട്ട് തിരുവനന്തപുരത്തുകാര്‍ക്ക് കിട്ടിയത് വട്ടപ്പൂജ്യമാണെന്നും ശശി തരൂരിന് ഇനി വിശ്രമം കൊടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളക്കടത്തിന്റെ തിരക്കിലാണെന്ന് പറഞ്ഞ അദ്ദേഹം ‘ഇന്‍ഡ്യാ’ സഖ്യം അഴിമതിക്കാരെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും വിമര്‍ശിച്ചു.
രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്ന ഓരോ വോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതാണെന്ന് ജെപി നദ്ദ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ 10 വര്‍ഷവും മോദി ഗ്രാമങ്ങളുടെയും പാവപ്പെട്ടവരുടെയും വികസനത്തിനായി ശ്രമിച്ചു. രാജ്യത്തിന് നല്ല അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി. ഐടി വികസനത്തിന് രാജീവ് ചന്ദ്രശേഖര്‍ നല്ല സംഭാവനകള്‍ നല്‍കി. രാജീവ് ചന്ദ്രശേഖറിനായുള്ള വോട്ട്, മോദിയെ മൂന്നാം തവണ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടിയുള്ള വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ഉപയോഗിച്ചത് ചൈനയിലും കൊറിയയിലും ഉണ്ടാക്കിയ ഫോണുകളാണ്. ഇപ്പോള്‍ നമ്മുടെ കയ്യില്‍ ഉള്ളത് ഇന്ത്യയില്‍ ഉണ്ടാക്കിയ ഫോണുകളാണ്. ലോകരാജ്യങ്ങള്‍ മോദിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു.കോണ്‍ഗ്രസിനായി വോട്ട് ചെയ്തിട്ട് തിരുവനന്തപുരത്തുകാര്‍ക്ക് എന്ത് കിട്ടി? ബിഗ് സീറോ. തരൂരിന് ഇനി വിശ്രമം വേണം, വിശ്രമം കൊടുക്കൂ. ഇനി രാജീവ് ചന്ദ്രശേഖറിന് ജോലി കൊടുക്കൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സ്‌നേഹിക്കുന്നു. യുഡിഎഫും എല്‍ഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇന്‍ഡി സഖ്യം അഴിമതിക്കാരെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാ അഴിമതിക്കാരും ഒന്നിച്ചാണ് ഇന്‍ഡ്യാ സഖ്യത്തിലുള്ളത്. കോണ്‍ഗ്രസ് 3ജി, 4ജി, ജിജാജി അഴിമതികള്‍ നടത്തി. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഒക്കെ ജാമ്യത്തിലാണ്. കെജ്രിവാളും സിസോദിയയും ജയിലാണ്.ഇന്‍ഡ്യാ സഖ്യ നേതാക്കള്‍ ഒന്നുകില്‍ ജയിലിലാണ്, അല്ലെങ്കില്‍ ജാമ്യത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.