ഡല്‍ഹി: അദാനി ഗ്രൂപ്പ് നിലവാരം കുറഞ്ഞ കല്‍ക്കരി മൂന്നിരട്ടി വിലയ്ക്ക് വിറ്റുവെന്ന ഫിനാഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപി സര്‍ക്കാര്‍ അദാനിക്ക് കല്‍ക്കരി കുംഭകോണത്തിന് ഒത്താശ ചെയ്തു കൊടുത്തുവെന്നും പ്രതിഫലം കൈപറ്റിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തിയാല്‍ മോദി അദാനി സഖ്യം നടത്തിയ അഴിമതി അന്വേഷിക്കുമെന്നും കണക്കുകള്‍ പുറത്ത് വിടുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കല്‍ക്കരി അഴിമതിയില്‍ ഇഡിയെയും സിബിഐയെയും നിശബ്ദമാക്കാന്‍ എത്ര ടെമ്പോ പണമാണ് ഒഴുക്കിയെതെന്ന് ജയറാം രമേശ് പരിഹസിച്ചു.
നേരത്തെ അദാനിയുടെ കല്‍ക്കരി ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും നിരന്തരം ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും എടുത്തിരുന്നില്ല. 2014 ജനുവരിയില്‍ അദാനി ഒരു കിലോഗ്രാമിന് 3500 കലോറി ലഭിക്കുന്ന ഇന്തോനേഷ്യന്‍ കല്‍ക്കരി വാങ്ങി തമിഴ്‌നാട്ടിലെ ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് 6000 കലോറി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വില്‍പ്പന നടത്തി എന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലുള്ളത്. അതേസമയം ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ് നേരത്തെ രംഗത്ത് വന്നിരുന്നു. നിയമങ്ങള്‍ പാലിച്ചാണ് തങ്ങളുടെ ഇടപാടുകളെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും പുറത്ത് വിട്ട തെളിവുകള്‍ക്ക് മറുപടി പറയാന്‍ കമ്പനി ഇത് വരെ തയ്യാറായിട്ടില്ല.