ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെയാണ് നടന്‍ ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്‌റ്റിന്റെ വെളിപ്പെടുത്തൽ. ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ.
സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞായിരുന്നു ലൈംഗിക ചൂഷണം എന്നാണ് ജൂനിയർ ആർട്ടിസ്‌റ്റിന്റെ ആരോപണം. ‘ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചു, ക്രൂരമായി പെരുമാറി’. സഹോദരതുല്യമായ ബന്ധമായിരുന്നു അദ്ദേഹവുമായെന്നും നടി പറയുന്നു. പ്രമുഖ പരസ്യ ചിത്ര സംവിധായകനും ഒടിയൻ എന്ന സിനിമയുടെ സംവിധായകനുമായ ശ്രീകുമാർ മേനോന് എതിരെയും ഇതേ പെൺകുട്ടി ആരോപണം ഉന്നയിച്ചു. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
Also Read: ‘മണിയൻപിള്ള രാജു വന്ന് വാതിലിൽ മുട്ടിയെന്ന് അന്ന് മിനു പറഞ്ഞിരുന്നു’ :ഗായത്രി വര്‍ഷ
അതേസമയം, യുവനടിയുടെ ലൈംഗിക ആരോപണം തള്ളി നടന്‍ ബാബുരാജ്. 2019ല്‍ ആലുവയിലെ വീട്ടില്‍വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. ‘2015 മുതല്‍ 2020വരെ താന്‍ താമസിച്ചിരുന്നത് മൂന്നാറിലാണ് . ഇല്ലാത്ത വീട്ടില്‍വച്ച് കാണാത്തയാളെ പീഡിപ്പിച്ചുവെന്നാണ് പറയുന്നതെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബാബുരാജ്. ആരോപണത്തിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നാണ് ബാബുരാജ് പ്രതികരിച്ചത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് നടൻ ബാബുരാജ്.
ജനറൽ സെക്രട്ടറിയായ സിദ്ദിഖ് ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജിവച്ചതിന് പിന്നാലെയാണ് സഹ ഭാരവാഹിയായ ബാബുരാജിന് എതിരെയും സമാനമായ പരാതി ഉയരുന്നത്. സിദ്ദിഖിന്റെ അഭാവത്തിൽ ബാബുരാജ് സെക്രട്ടറിയുടെ താൽകാലിക ചുമതല വഹിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം പുറത്തുവന്നിരുന്നില്ല, അതിനിടെയാണ് പുതിയ ആരോപണം.