ഡൽഹി: ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്ജി നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ. സിങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.മഹാദേവനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനും കൊളീജിയം ശുപാർശ ചെയ്തു. മണിപ്പൂർ സ്വദേശിയാണ് ജസ്റ്റിസ് എൻ.കെ. സിങ്.
ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ. 2012 ജനുവരി 23-ന് ആണ് ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്. അതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാന്റിങ് കോൺസൽ ആയിരുന്നു.
ഷോലപൂർ സ്വദേശിയായ ജസ്റ്റിസ് നിതിൻ ജാംദാർ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ലായെങ്കിൽ 2026 ജനുവരി ഒമ്പതിന് വിരമിക്കും. കൊളീജിയം ശുപാർശ അംഗീകരിച്ചാൽ മണിപ്പൂരിൽ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജി എൻ.കെ. സിങ് ആകും.