ഉപതെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രത്തില്‍ തിരിച്ചടി നേരിട്ട് ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടി

ഉപതെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രത്തില്‍ തിരിച്ചടി നേരിട്ട് ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടി
ഉപതെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രത്തില്‍ തിരിച്ചടി നേരിട്ട് ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടി

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. ശക്തികേന്ദ്രമായ ടോറന്റോയിലെ സെന്റ് പോളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ലിബറല്‍ പാര്‍ട്ടി തോറ്റത്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തികേന്ദ്രത്തിലെ തോല്‍വി ട്രൂഡോക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡോണ്‍ സ്റ്റുവാര്‍ട്ടാണ് മണ്ഡലത്തില്‍ നിന്നും ജയിച്ചത്. 42 ശതമാനം വോട്ട് നേടിയാണ് എതിര്‍ സ്ഥാനാര്‍ഥി ലെസ്‌ലി ചര്‍ച്ചിനെ സ്റ്റുവാര്‍ട്ട് തോല്‍പ്പിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി ലിബറലുകള്‍ കൈവശം വെച്ചിരുന്ന സീറ്റാണ് സെന്റ് പോള്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 49 ശതമാനം വോട്ട് നേടിയായിരുന്നു വിജയം. എതിര്‍ സ്ഥാനാര്‍ഥിക്ക് അന്ന് 22 ശതമാനം വോട്ടാണ് കിട്ടിയത്.

തങ്ങള്‍ പ്രതീക്ഷിച്ച ഫലമല്ല തെരഞ്ഞെടുപ്പിലുണ്ടായത്. ജനങ്ങളുടെ ആശങ്കകളും പരാതികളും കേള്‍ക്കാന്‍ തങ്ങള്‍ തയാറാണ്. ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ താനും പാര്‍ട്ടിയും ശ്രമിക്കുമെന്നും ബ്ലുംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ട്രൂഡോ പറഞ്ഞു.

ശക്തികേന്ദ്രത്തിലെ തോല്‍വി ട്രൂഡോയുടെ നേതൃത്വം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 338 അംഗങ്ങളുള്ള ഹൗസ് ഓഫ് കോമണ്‍സില്‍ 155 പേരുടെ പിന്തുണയാണ് ലിബറലുകള്‍ക്ക് ഉള്ളത്.

Top