ഇനിയെങ്കിലും കോടതി വിധി അംഗീകരിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും തയ്യാറാകണം ; കെ.ബാബു

ഇനിയെങ്കിലും കോടതി വിധി അംഗീകരിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും തയ്യാറാകണം ; കെ.ബാബു
ഇനിയെങ്കിലും കോടതി വിധി അംഗീകരിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും തയ്യാറാകണം ; കെ.ബാബു

കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയ നടപടിയെ സ്വാഗതം ചെയ്ത് കെ ബാബു എംഎല്‍എ. ഇനിയെങ്കിലും വിധി അംഗീകരിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും തയ്യാറാകണമെന്ന് കെ ബാബു പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് പ്രചാരണം നടത്തിയിട്ടില്ല. ഒരു സ്ലിപ്പും അടിച്ചിട്ടില്ല. അവയെല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണ്. പോരാടി നേടിയ വിജയമാണിത്.. അനാവശ്യ വ്യവഹാരങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടതുപക്ഷ മുന്നണി തയ്യാറാകണം. തിരഞ്ഞെടുപ്പ് കാലത്തെ വിധി കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കും. എല്‍ഡിഎഫിനേറ്റ തിരിച്ചടിയാണിതെന്നും കെ ബാബു പറഞ്ഞു.

നൂറ് ശതമാനവും പെരുമാറ്റച്ചട്ടം പാലിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇനിയെങ്കിലും കോടതി വിധി അംഗീകരിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറാകണം. തന്റെ പേരില്‍ മതചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ലിപ്പ് അച്ചടിച്ച് വിതരണം ചെയ്തത് എതിര്‍ പാര്‍ട്ടിക്കാര്‍ ആയിരിക്കാം എന്നും സുപ്രിം കോടതിയെ സമീപിച്ചാല്‍ അതിനെ അഭിമുഖികരിക്കുമെന്നും കെ ബാബു എംഎല്‍എ വ്യക്തമാക്കി.

അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ എം സ്വരാജിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കെ ബാബുവിന് എംഎല്‍എ ആയി തുടരാമെന്നാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചന്നാണ് പ്രധാന ആരോപണം. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം.

Top