കെ. കവിതയുടെ ജാമ്യാപേക്ഷകളില്‍ ഡല്‍ഹി ഹൈക്കോടതി വിധി ജൂലൈ ഒന്നിന്

കെ. കവിതയുടെ ജാമ്യാപേക്ഷകളില്‍ ഡല്‍ഹി ഹൈക്കോടതി വിധി ജൂലൈ ഒന്നിന്
കെ. കവിതയുടെ ജാമ്യാപേക്ഷകളില്‍ ഡല്‍ഹി ഹൈക്കോടതി വിധി ജൂലൈ ഒന്നിന്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ ഇടപാടുകളില്‍ തിരിമറി നടത്തിയതിന് സിബിഐ, ഇഡി കേസുകളില്‍ ജയിലില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ. കവിത സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ ഡല്‍ഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും. കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങള്‍ കേട്ട ശേഷം ജസ്റ്റിസ് സ്വര്‍ണ കാന്തശര്‍മയുടെ ബെഞ്ച് മെയ് 28ന് വിധി പറയാനായി മാറ്റുകയായിരുന്നു.

കെ. കവിതക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിക്രം ചൗധരിയും അഭിഭാഷകരായ നിതേഷ് റാണ, മോഹിത് റാവു, ദീപക് നഗര്‍ എന്നിവരും ഹാജരായി. സിബിഐക്ക് വേണ്ടി അഭിഭാഷകന്‍ ഡിപി സിങ്ങും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് വേണ്ടി അഭിഭാഷകന്‍ സോഹെബ് ഹുസൈനും ഹാജരായി. പൊതുപ്രവര്‍ത്തകരുടെയും സ്വകാര്യ വ്യക്തികളുടെയും പങ്കാളിത്തവും അനധികൃത പണത്തിന്റെ ഒഴുക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുടരന്വേഷണം വളരെ നിര്‍ണായക ഘട്ടത്തിലാണെന്ന് ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിനിടെ സിബിഐ വ്യക്തമാക്കി.

കുറ്റാരോപിതയായ ഹരജിക്കാരിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടി. കുറ്റത്തിന്റെ സ്വഭാവവും കുറ്റാരോപിതന്‍ പ്രയോഗിച്ചേക്കാവുന്ന സ്വാധീനവും കണക്കിലെടുക്കണമെന്നും അഭിഭാഷകര്‍ വാദിച്ചു.

ഡല്‍ഹി എക്‌സൈസ് നയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെ കവിത സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനും സിബിഐക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. കവിതക്കും മറ്റ് പ്രതികളായ ചന്‍പ്രീത് സിങ്, ദാമോദര്‍, പ്രിന്‍സ് സിങ്, അരവിന്ദ് കുമാര്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

താന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്. അവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. കുട്ടികള്‍ കേസിന്റെ ആഘാതത്തിലാണെന്നും കവിത സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ അഴിമതിയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് കവിത പുതിയ ജാമ്യാപേക്ഷയില്‍ ആരോപിച്ചു.

കവിത സമര്‍പ്പിച്ച ജാമ്യാപേക്ഷ മെയ് 6ന് ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയിരുന്നു. മാര്‍ച്ച് 15ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ഏപ്രില്‍ 11ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും കവിതയെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ സിബിഐ റിമാന്‍ഡ് അപേക്ഷയിലൂടെ പ്രതികളും സംശയാസ്പദമായ വ്യക്തികളും തമ്മില്‍ നടന്ന വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കവിതയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജിഎന്‍സിടിഡി നിയമം 1991, ബിസിനസ് റൂള്‍സ് 1993, ഡല്‍ഹി എക്‌സൈസ് നിയമം 2009, ഡല്‍ഹി എക്‌സൈസ് ചട്ടങ്ങള്‍ 2010 എന്നിവയുടെ പ്രഥമദൃഷ്ട്യാ ലംഘനങ്ങള്‍ കാണിച്ച് ജൂലൈയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

Top