തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘രക്ഷാപ്രവര്‍ത്തനം’ പരാമര്‍ശം തെറ്റെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. തിരഞ്ഞെടുപ്പ് കാലത്ത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ ചില പരാമര്‍ശങ്ങള്‍ ദോഷം ചെയ്തെന്നും കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു
പ്രമുഖ മാധ്യമത്തില്‍ നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കെ പ്രകാശ് ബാബു മുന്നണിയിലെത്തന്നെ പ്രധാനപ്പെട്ട നേതാക്കള്‍ക്കെതിരെ തുറന്നടിച്ചത്. കരിങ്കൊടി കാണിച്ചവരെ മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം തെറ്റെന്ന് പറഞ്ഞ കെ പ്രകാശ് ബാബു ജനങ്ങളുടെ മനസ് അതൊന്നും സ്വീകരിക്കില്ലെന്നും ഒരു തരത്തിലും അവയെ ന്യായീകരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു . എന്നാല്‍ സിപിഐ എന്തുകൊണ്ടാണ് ഇതിനെതിരെ എതിര്‍ക്കാതിരുന്നത് എന്ന ചോദ്യത്തിന് അത് തനിക്ക് പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ സിപിഐയിലുള്ള അതൃപ്തി പ്രകടമാക്കുന്നതായിരുന്നു കെ പ്രകാശ് ബാബുവിന്റെ വാക്കുകള്‍. മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുന്നതിന് വിഘാതമല്ലേ ഈ പരാമര്‍ശം എന്ന ചോദ്യത്തിന് അതൊക്കെ സിപിഐഎം ആലോചിക്കേണ്ട കാര്യമെന്നും സിപിഐഎമ്മും എല്‍ഡിഎഫും വിചാരിച്ചാല്‍ കുറെയൊക്കെ കാര്യങ്ങള്‍ കറക്ട് ചെയ്ത് പോകാനാകുമെന്നും മാത്രമാണ് അദ്ദേഹം പറഞ്ഞത്.
തിരഞ്ഞെടുപ്പ് കാലത്ത് ഇ പി ജയരാജന്‍ നടത്തിയ പല പരാമര്‍ശങ്ങളും തിരിച്ചടിയായെന്നും പ്രകാശ് ബാബു പ്രമുഖ മാധ്യമത്തിനോട് തുറന്നുപറഞ്ഞു. കണ്‍വീനര്‍ എന്ന നിലയില്‍ മാത്രമല്ല, മുന്നണിയിലെയും സംസ്ഥാനത്തിലെയും ഒരു പ്രധാനപ്പെട്ട നേതാവ് എന്ന നിലയില്‍പ്പോലും ഒരിക്കലും പറയാന്‍ പാടില്ലാത്ത ആ വാക്കുകള്‍ മുന്നണിക്ക് ദോഷം ചെയ്തുവെന്ന് പ്രകാശ് ബാബു തുറന്നുപറഞ്ഞു. ബിജെപിയുടെ 5 സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണ് എന്ന് പറഞ്ഞതിനേക്കാള്‍ തെറ്റാണ് ജാവേദക്കറെ കണ്ട കാര്യം പറഞ്ഞത്. ഇത് രണ്ടും ഇടതുപക്ഷ മനസുകളില്‍ നല്ല മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും പ്രകാശ് ബാബു തുറന്നടിച്ചു.
നേരത്തെ സിപിഐയില്‍നിന്നും ബിനോയ് വിശ്വം അടക്കമുള്ളവരും സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ന്യായീകരിക്കില്ലെന്നും തിരുത്തല്‍ വേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കണക്കുകളോ വിശകലനങ്ങളോ കൊണ്ട് പരാജയത്തെ വിജയമാക്കി മാറ്റാനാവില്ല. സര്‍ക്കാരിന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമര്‍ശത്തിലും ബിനോയ് വിശ്വം പരോക്ഷമായി വിമര്‍ശനം നടത്തിയിരുന്നു. മാര്‍ കൂറിലോസ് സിപിഐയെ വിമര്‍ശിച്ചാല്‍ ഇങ്ങനെ പ്രതികരിക്കില്ല. എന്തുവന്നാലും ഈ രീതിയില്‍ പ്രതികരിക്കില്ല. എല്ലാവരും ഒരുപോലെ ആകണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. ഓരോരുത്തര്‍ക്കും ഓരോ രീതികളാണെന്നും ബിനോയ് വിശ്വം പ്രമുഖ മാധ്യമത്തിനോട് പറഞ്ഞിരുന്നു