‘ബിനോയ് വിശ്വം കാശിക്ക് പോകുന്നതാണ് നല്ലത്’: കെ സുധാകരന്‍

ബി ജെ പിയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ നിലപാടും

‘ബിനോയ് വിശ്വം കാശിക്ക് പോകുന്നതാണ് നല്ലത്’: കെ സുധാകരന്‍
‘ബിനോയ് വിശ്വം കാശിക്ക് പോകുന്നതാണ് നല്ലത്’: കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കള്ളം പറയാന്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രി വായ തുറക്കുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു . മഹാരഥന്മാരായ മുഖ്യമന്ത്രിമാര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്നും പിണറായി വിജയന്‍ മറക്കുകയാണ്. വിവാദമായ പിആര്‍ ഏജന്‍സി, തൃശൂര്‍ പൂരം, എഡിജിപി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തില്‍ തട്ടിവിട്ടതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ബി ജെ പിയുടെ അജണ്ട നടപ്പാക്കുന്ന വിഷയങ്ങളാണിവയെല്ലാം. അഭിമുഖത്തിലെ വിവാദ പരാമര്‍ശം പി ആര്‍ ഏജന്‍സികള്‍ എഴുതി നല്കിയതാണെന്ന് ദി ഹിന്ദു പത്രം വിശദീകരിക്കുകയും ഏജന്‍സികള്‍ നിര്‍ദേശിച്ച പ്രകാരം അഭിമുഖം തയാറാക്കുകയും ചെയ്തിട്ട് അത് അപ്പാടെ നിഷേധിക്കുകയാണ്. പി ആര്‍ ഏജന്‍സി അവിടെ ഇല്ലായിരുന്നു എന്ന പച്ചക്കള്ളവും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.

എ ഡി ജി പിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി ഡി ജി പി നൽകിയ റിപ്പോര്‍ട്ട് ഒക്കത്തുവച്ചുകൊണ്ടാണ് മറ്റൊരു റിപ്പോര്‍ട്ട് നല്കാന്‍ വീണ്ടും ഡിജിപിയെ ചുമതലപ്പെടുത്തിയത്. അതിന് പുറമെ പൂരം കലക്കല്‍ അട്ടിമറിയിലെ ഗൂഡാലോചനയില്‍ ക്രൈം ബ്രാഞ്ച് എ ഡി ജി പിയും രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തുമെന്നാണ് പറയുന്നത്. ഇതെല്ലാം വെറും പ്രഹസനമാണ്. സി പി ഐ തലകുത്തി നിന്നാല്‍ പോലും എ ഡി ജി പിയെ ഒരു ചുക്കും ചെയ്യില്ലെന്ന് പിണറായി വിജയന്‍ ആവര്‍ത്തിക്കുകയും ചെയ്തു. സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം കാശിക്കുപോകുന്നതാണ് നല്ലതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ബി ജെ പിയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ നിലപാടും. അവരുടെ അജണ്ടകളാണ് കേരളത്തിലേക്കു മുഖ്യമന്ത്രി കൊണ്ടുവരുന്നത്. ബി ജെ പിയുടെ പി ആര്‍ ഏജന്‍സിയെ തന്നെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് നിയോഗിച്ചത് ഇതേ ഉദ്ദേശ്യത്തോടു കൂടിയാണ്. ദേശീയ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ അഭിമുഖവും പ്രസ്താവനകളും തുടര്‍ച്ചയായി നൽകാൻ ഇതേ ഏജന്‍സിയെയാണ് നിയോഗിച്ചത്. മതേതര കേരളത്തിന്റെ കടയക്കല്‍ കത്തിവച്ചുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയപ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Top