തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സര്‍ക്കാരിന്റെ അശാസ്ത്രീയ സീറ്റ് പരിഷ്‌ക്കരണ നയം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ് എന്ന് സുധാകരന്‍ വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.
സീറ്റ് വര്‍ദ്ധനയുടെ ഫലമായി ക്ലാസ് മുറികളില്‍ 65ലധികം വിദ്യാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞിരുന്ന് പഠിക്കേണ്ട ഗതികേടാണ്. ഇത് കുട്ടികളുടെ പഠന ക്ഷമതയെ ബാധിക്കും. 2010ന് ശേഷം ഏറ്റവും മോശം റിസള്‍ട്ടാണ് ഇത്തവണത്തെ പ്ലസ് ടു ഫലത്തിലുണ്ടായത്. ഇതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് പകരം അനാവശ്യ വാശിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. പഠനം സാധ്യമാകാത്ത അവസ്ഥയില്‍ ഉന്നത പഠനം എന്ന മോഹം ഉപേക്ഷിക്കേണ്ട ഗതികേടാണ്. അതുണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.