കോഴിക്കോട്: ലീഗുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണെന്ന് കണ്ണൂര്‍ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. അതാണ് യുഡിഎഫിന്റെ കരുത്തെന്നും സുധാകരന്‍ വ്യക്തമാക്കി. മകളെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ തലവന്‍ ഇപ്പോള്‍ തല താഴ്ത്തി പൂഴ്ത്തി കിടക്കുന്നുവെന്നും മുഖ്യമന്ത്രിയെ കെ സുധാകരന്‍ പരിഹസിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായും, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായി പാണക്കാട് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് വീണക്കെതിരായ കേസ് എന്ന് കരുതുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ പിണറായി എന്നേ അകത്തുപോയേനെയെന്ന് സുധാകരന്‍ പറഞ്ഞു. എത്ര കേസുകളുണ്ട് ഇ ഡിക്കു അന്വേഷിക്കാന്‍, അതെന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരെ ജനാഭിപ്രായം ശക്തമാണ്. യൂഡിഎഫിന് തിരഞ്ഞെടുപ്പില്‍ ആശങ്കയില്ല. കോണ്‍ഗ്രസിന്റെ പണം തടഞ്ഞുവെക്കുകയാണ് കേന്ദ്രം. ബിജെപിയെ പോലെ ഇത്ര നെറികെട്ട ജനാധിത്യ വിരുദ്ധ നടപടി ഒരു പാര്‍ട്ടിയും നടത്തില്ല. ഇത്ര തറയാകരുത് ഭരണകൂടമെന്നും സുധാകരന്‍ വിമര്‍ശിച്ചു.
തെറ്റായ വഴിക്ക് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബുദ്ധിക്കേ ഇത്തരം നടപടികള്‍ സാധ്യമാകൂ. കേരളത്തില്‍ നാട്ടുകാരെ സമീപിച്ചു പണം കണ്ടെത്തും. കേരളത്തില്‍ ബി ജെ പിക്കു കാര്യമായി സ്വാധീനമുള്ള മണ്ഡലം ഇല്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സിഎഎ അറബിക്കടലില്‍ കൊണ്ടു പോയി കളയുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.