CMDRF

‘വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചു’; കെ.സുധാകരന്‍

എസ്എന്‍സി ലാവ്‌ലിന്‍ കേസ് തന്നെ സുപ്രീം കോടതിയില്‍ 44 തവണയാണ് മാറ്റിയത്

‘വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചു’; കെ.സുധാകരന്‍
‘വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചു’; കെ.സുധാകരന്‍

തിരുവനന്തപുരം: പരസ്പര സഹായത്തോടെയാണ് സിപിഎമ്മും ബിജെപിയും പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ സഹായിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു.

വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചു. ഇത് സിപിഎമ്മിന്റെയും ബിജെപിയുടെയും അന്തര്‍ധാരയുടെ ഭാഗമാണ്. തൃശൂര്‍പൂരം കലക്കിയതിലും ഇതേ സഖ്യമാണ് പ്രവര്‍ത്തിച്ചത്. പിണറായി വിജയന്‍ 1970 മുതല്‍ തുടങ്ങിയ ആര്‍എസ്എസ് ബന്ധം ഇപ്പോഴും കൊണ്ടു നടക്കുന്നു. അതിനാലാണ് ബിജെപി സര്‍ക്കാര്‍ പിണറായി വിജയനെ ദ്രോഹിക്കാത്തതെന്നും കെ.സുധാകരന്‍ പറഞ്ഞു.

നയതന്ത്ര ചാനല്‍വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഉണ്ടായിരുന്ന പങ്കിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടു പോലും കേസെടുത്തില്ല. ഈ കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ നൂറിലധികം ദിവസം ജയിലില്‍ കിടന്നു.

എന്നിട്ടു പോലും മുഖ്യമന്ത്രിയെ പ്രതിചേര്‍ത്തില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി 1.72 കോടി രൂപ മാസപ്പടിയായി നല്‍കിയത്. അതില്‍ എസ്എഫ്ഐഒ അന്വേഷണവും എങ്ങുമെത്തിയില്ല. ഈ കേസുകളിലെല്ലാം ബിജെപി സഹായം മുഖ്യമന്ത്രിക്ക് കിട്ടിയപ്പോള്‍ അദ്ദേഹം ബിജെപിയേയും സഹായിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷനെതിരായ കള്ളപ്പണക്കേസ് പിണറായി സര്‍ക്കാരും തേച്ചുമാച്ചു കളഞ്ഞുവെന്നും സുധാകരൻ ആരോപിച്ചു.

മക്കള്‍ വളര്‍ന്നതോടെ പിണറായി വിജയന് പണത്തോടുള്ള ആര്‍ത്തിയും കൂടി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന ഒരുപാടു കേസുകളില്‍ പ്രതിയാകേണ്ട വ്യക്തിയാണ് പിണറായി വിജയന്‍. എന്നാല്‍ സിപിഎം-ബിജെപി അന്തര്‍ധാരയുടെ പുറത്ത് അതുണ്ടാകുന്നില്ല.

എസ്എന്‍സി ലാവ്‌ലിന്‍ കേസ് തന്നെ സുപ്രീം കോടതിയില്‍ 44 തവണയാണ് മാറ്റിയത്. സ്വർണക്കടത്ത്, ഡോളര്‍ക്കടത്ത്, ലൈഫ് പദ്ധതി സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നിരവധി കേസുകളാണ് പിണറായി വിജയനെതിരെ ബിജെപി സര്‍ക്കാരിന്റെ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ഒന്നില്‍ പോലും പിണറായി വിജയനെ പ്രതിയാക്കിയില്ല. ഇതെല്ലാം സിപിഎം-ബിജെപി അന്തര്‍ധാരയുടെ ഭാഗമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

സമസ്തമേഖലയിലും സര്‍ക്കാരിന്റെ ഭരണ പരാജയം പ്രകടമാണ്. തൊഴില്ലില്ലായ്മ അതി രൂക്ഷമാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഒരു ആനുകൂല്യവും നല്‍കുന്നില്ല. ക്ഷേമപദ്ധതികളും സാമൂഹ്യ സുരക്ഷാ പെന്‍ഷനും മുടങ്ങി. ഒരു വികസനവും നാട്ടിലില്ല. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ക്കപ്പുറം ഒരെണ്ണം തങ്ങളുടേതെന്ന് അവകാശപ്പെടാന്‍ പിണറായി സര്‍ക്കാരിനില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

Top