CMDRF

പാലക്കാട് കെ.സുരേന്ദ്രന്‍ സ്ഥാനര്‍ഥിയായേക്കും

സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായാല്‍ കൃഷ്ണകുമാറിന്റെയും ശോഭ സുരേന്ദ്രന്റെയും പ്രതികരണം ഏത് രീതിയിലാവും എന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്

പാലക്കാട് കെ.സുരേന്ദ്രന്‍ സ്ഥാനര്‍ഥിയായേക്കും
പാലക്കാട് കെ.സുരേന്ദ്രന്‍ സ്ഥാനര്‍ഥിയായേക്കും

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യത ഏറുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെയും ശോഭ സുരേന്ദ്രന്റെയും പേരുകള്‍ ഉയരുന്നുണ്ടെങ്കിലും സുരേന്ദ്രന്റെ പേരിനാണ് കൂടുതൽ മുന്‍തൂക്കമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപിയുടെ രീതി അനുസരിച്ച് പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.

ഇത്തവണ നേരത്തെ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം വേണമെന്ന് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ പേരിനായിരുന്നു തുടക്കത്തില്‍ മുന്‍തൂക്കമുണ്ടായിരുന്നത്. എന്നാല്‍ നഗരത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചില സമുദായങ്ങളെ അനുനയിപ്പിക്കാന്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥി വേണമെന്ന ആവിശ്യം ശക്തമാണ്.ഇതാണ് സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രനിലേക്ക് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ എത്താനുള്ള കാരണം.

Also Read: ബിഹാറിൽ വ്യാജമദ്യദുരന്തം; 25 മരണം

സംസ്ഥാന തലത്തില്‍ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാന പ്രസിഡന്റിനെ തന്നെ മത്സരിപ്പിക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുമുള്ളത്. പാലക്കാട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പോലുള്ളവ തിരഞ്ഞെടപ്പില്‍ നേട്ടമാക്കി മാറ്റാനും സുരേന്ദ്രന് കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാല്‍ സുരേന്ദ്രന്‍ കേരളത്തിലുടനീളം നടന്ന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാളാണെന്നും പ്രാദേശികമായി സ്വാധീനമുള്ള കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ഥിയാവണമെന്നും വാദിക്കുന്നവരും ബി.ജെ.പി ജില്ല നേതൃത്വത്തിലുണ്ട്.

ജില്ലയുടെ ചുമതലയുള്ള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് ഇന്ന് ജില്ലയിലുണ്ട്. കെ സുരേന്ദ്രനും ഇന്നെത്തും. ധാരണയായാല്‍ സ്ഥാനാര്‍ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് നീക്കം. അതേസയം സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായാല്‍ കൃഷ്ണകുമാറിന്റെയും ശോഭ സുരേന്ദ്രന്റെയും പ്രതികരണം ഏത് രീതിയിലാവും എന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്. ബി.ജെ.പിക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണെന്നതും തൃശൂര്‍ വിജയത്തിന്റെ ആത്മവിശ്വാസവുമുള്ളതിനാല്‍ മറ്റ് പ്രശ്‌നങ്ങളില്ലാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് ബി.ജെ.പി നേതൃത്വം ലക്ഷ്യം വെക്കുന്നത്.

Top